പിവി അൻവർ എംഎൽഎയുടെ വ്യാജ ആരോപണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിനു വി. ജോൺ വക്കീൽ നോട്ടീസ് അയച്ചു

പിവി അൻവർ എംഎൽഎയുടെ വ്യാജ ആരോപണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിനു വി. ജോൺ വക്കീൽ നോട്ടീസ് അയച്ചു


തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. അൻവർ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ വിനു വി. ജോണിനെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതവും അപകീർത്തികരവും ആയ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. 

ഇല്ലെങ്കിൽ  തുടർ നിയമ നടപടിക്ക് നിർബന്ധിതരാകും. ഭാരതീയ ന്യായ സംഹിതയിൽ വ്യക്തികളെ  അപകീർത്തിപ്പെടുത്തുന്നതിന് എതിരായ 356-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ആണ് അൻവർ ഉന്നയിച്ച വ്യാജ ആരോപണം. കെട്ടിച്ചമച്ച കാര്യങ്ങൾ അൻവർ പ്രചരിപ്പിക്കുന്നതിനു പിന്നിൽ പ്രത്യേക അജണ്ടയും ഗൂഢാലോചനയും ഉണ്ട്. ഉത്തരവാദപ്പെട്ട മാധ്യമം എന്ന നിലയിൽ അൻവറിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ  ഏഷ്യാനെറ്റ് ന്യൂസ് പല തവണ  റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ 
വ്യാജ ആരോപണം.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സത്യം ജനങ്ങളെ അറിയിക്കുന്ന വ്യക്തിയെ  യാഥാർഥ്യത്തിന്റെ കണികപോലും ഇല്ലാത്ത കഥയിലൂടെ ഹനിക്കാനാണ് അൻവറിന്റെ ഉദ്ദേശം. കേരളത്തിലെ പ്രശസ്‌തനായ മാധ്യമ പ്രവർത്തകനെ സ്വഭാവഹത്യ നടത്താനുള്ള ശ്രമം ആണ് അൻവർ നടത്തിയത് എന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുപ്പതു ദിവസത്തിനകം നിരുപാധികം മാപ്പപേക്ഷ നടത്തി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തുടർ നിയമ നടപടികളിലേക്ക് കടക്കും. ഹൈക്കോടതി അഭിഭാഷകൻ  വിവി നന്ദഗോപാൽ നമ്പ്യാർ  മുഖേനയാണ് അൻവറിനു വക്കീൽ നോട്ടീസ് അയച്ചത്.

പി വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ അസത്യവും അസംബന്ധവുമാണെന്നും അൻവറിന്റെ നിയമലംഘനങ്ങളും വഴിവിട്ട ഇടപെടലുകളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ഏഷ്യാനെറ്റ് ന്യൂസിനോടും തന്നോടുമുള്ള വൈരാഗ്യം കൊണ്ടാണ് അൻവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്നും വിനു വി ജോൺ നേരത്തെ പ്രതികരിച്ചിരുന്നു.

ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടവരെ രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ എഡിജിപി എംആർ അജിത് കുമാറിനെ വിളിച്ചെന്നാണ് പി വി അൻവർ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. സഹായിക്കാം എന്ന് അജിത് കുമാർ മറുപടി പറഞ്ഞെന്നും അൻവർ എംഎല്‍എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പോക്സോ കേസിൽ താൻ കോഴിക്കോട് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് കോടതിയിൽ എത്തുമ്പോൾ അറിയാം സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്നും ആയിരുന്നു അൻവറിന്റെ ആരോപണം.