എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അൻവർ എംഎൽഎ. എം എൽ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും പി വി അൻവർ പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. വിവാദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു.
പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അൻവർ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും പി വി അൻവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് അൻവർ വിമർശനങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പി വി അൻവർ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തിയിരുന്നു.