രാത്രി സ്റ്റാൻറിൽ നിർത്തിയിട്ടു, രാവിലെ ബസ് കാണാനില്ല', കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ മോഷണം പോയത് ബസ്

രാത്രി സ്റ്റാൻറിൽ നിർത്തിയിട്ടു, രാവിലെ ബസ് കാണാനില്ല', കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ മോഷണം പോയത് ബസ്


കുന്നംകുളം: ബസിനുള്ളിലും തിരക്കേറിയ സ്റ്റാൻറിലും പോക്കറ്റടി സൂക്ഷിക്കണമെന്ന് നിർദ്ദേശം പലപ്പോഴും കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ മോഷണം പോകുന്നത് ബസ് ആണെങ്കിൽ എന്ത് ചെയ്യും. വളരെ വിചിത്രമായ അനുഭവമാണ് കുന്നംകുളത്തെ ഷോണി ബസ് ഉടമയ്ക്കുള്ളത്. കാരണം സർവ്വീസ് അവസാനിപ്പിച്ച് സ്റ്റാൻറിൽ നിർത്തിയിട്ട ബസാണ് ഇവിടെ മോഷണം പോയിരിക്കുന്നത്.

കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 

ഇന്ന് പുലർച്ചെ ബസ് ഉടമ പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.