അൽഫാമും കുഴിമന്തിയും ഷവർമയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; 22 പേർ ചികിത്സയിൽ, വര്‍ക്കലയിലെ 2 ഹോട്ടലുകള്‍ പൂട്ടി

അൽഫാമും കുഴിമന്തിയും ഷവർമയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; 22 പേർ ചികിത്സയിൽ, വര്‍ക്കലയിലെ 2 ഹോട്ടലുകള്‍ പൂട്ടി



തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ആറുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. വര്‍ക്കല ക്ഷേത്രം റോഡിലെ റണ്ട് ഹോട്ടലുകളിൽ നിന്നായി ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു.

വര്‍ക്കല ക്ഷേത്രം റോഡിലെ  ന്യൂ സ്പൈസി, എലിഫന്‍റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. നേരത്തെയും ഈ ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. ഒരേ മാനേജ്മെന്‍ിന് കിഴീലുള്ള രണ്ട് ഹോട്ടലുകളാണ് പൂട്ടിയത്. ഇന്നലെയാണ് ഈ രണ്ട് ഹോട്ടലുകളിൽ നിന്ന് ആളുകള്‍ പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചത്. ഇവര്‍ക്ക് രാത്രിയോടെ വയറുവേദന ഉള്‍പ്പെടെ അനുഭവപ്പെട്ടു. രാവിലെയോടെ തലവേദനയും ഛര്‍ദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ആരോഗ്യ നില തൃപ്തികരമാണ്.