48 മണിക്കൂറിനിടെ നാലു സംസ്ഥാനങ്ങളില്‍ റെയ്ഡ് ; ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഏഴ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍ ; ഒട്ടേറെപ്പേരെ വകവരുത്താനുള്ള ഹിറ്റ്‌ലിസ്റ്റും സംഘത്തിന് കിട്ടിയിരുന്നതായി പോലീസ്

48 മണിക്കൂറിനിടെ നാലു സംസ്ഥാനങ്ങളില്‍ റെയ്ഡ് ; ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഏഴ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍ ; ഒട്ടേറെപ്പേരെ വകവരുത്താനുള്ള ഹിറ്റ്‌ലിസ്റ്റും സംഘത്തിന് കിട്ടിയിരുന്നതായി പോലീസ്



ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് പുറത്തു നടന്ന വെടിവയ്പ്പിലും മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും ഉള്‍പ്പെട്ട ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഏഴ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍. 48 മണിക്കൂറിനിടെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്.

നടന്നത് 'പാന്‍-ഇന്ത്യ' ഓപ്പറേഷനാണെന്നും ആറ് സെമി ഓട്ടോമാറ്റിക് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തെന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ അവകാശപ്പെട്ടു. ബാബ സിദ്ദിഖി വധത്തെക്കുറിച്ചും ബിഷ്‌ണോയ് സംഘത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹിറ്റ്മാന്‍മാരെ ചോദ്യംചെയ്യുകയാണ്. സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ 'ഏജന്റുമാരുമായി' ബന്ധമുണ്ടെന്ന് കനേഡിയന്‍ ഫെഡറല്‍ പോലീസ് ആരോപണം ഉന്നയിച്ചിരുന്നു. ബുധനാഴ്ചയാണ് ആദ്യ അറസ്റ്റ് നടന്നത്. ഷൂട്ടര്‍മാര്‍ക്ക് ഹരിയാനയിലെയും രാജസ്ഥാനിലെയുമടക്കം ഒട്ടേറെപ്പേരെ വകവരുത്താനുള്ള ഹിറ്റ്‌ലിസ്റ്റ് കിട്ടിയതായാണ് വിവരം. ഇതില്‍ രാജസ്ഥാന്‍കാരനെ അര്‍സൂ ബിഷ്‌ണോയി വകവരുത്തി.

ബാബ സിദ്ദിഖിയുടെ കൊലപാതകം, സല്‍മാന്‍ ഖാന്റെ വീടിനുനേരേയുള്ള വെടിവയ്പ്, 2022-ല്‍ പഞ്ചാബി ഗായകന്‍ സിദ്ദു മൂസ് വാലയുടെ കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട ഏഴുപേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരൊക്കെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്നു ലോറന്‍സ് ബിഷ്‌ണോയി നേതൃത്വംകൊടുക്കുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ ഇങ്ങേയറ്റത്തെ കണ്ണികള്‍ മാത്രമാണ്.

ബിഷ്‌ണോയ് സംഘത്തെ ഏറ്റുമുട്ടലില്‍ വധിക്കുന്നവര്‍ക്ക് രജ്പുത് ഗ്രൂപ്പായ ക്ഷത്രിയ കര്‍ണി സേന 1.11 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ഡിസംബറില്‍ പ്രമുഖ രജ്പുത് നേതാവായ സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇനാം പ്രഖ്യാപനം. ഇൗ കേസില്‍ ബിഷ്‌ണോയ് സംഘത്തിലെ എട്ട് അംഗങ്ങളെ അറസ്റ്റ് ചെയ്‌തെങ്കിലും ആക്രമണം ആസൂത്രണം ചെയ്ത രോഹിത് ഗോദാര രക്ഷപ്പെട്ടു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇന്ത്യ വിട്ടെന്ന് രഹസ്യാനേ്വഷണ വിഭാഗം സ്ഥിരീകരിച്ചു. ബിഷ്‌ണോയ് സംഘത്തിന് ശക്തമായ അടിത്തറയുള്ള കാനഡയിലാണ് ഗോദാരയെന്നാണ് കരുതുന്നത്.

അതിനിടെ, ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ ദേശീയ അനേ്വഷണ ഏജന്‍സി മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇൗ വര്‍ഷം ആദ്യം സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്കുപുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപ്പുള്ളിയാണ് അന്‍മോല്‍. ഇയാളെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും ഭീകരവിരുദ്ധ ഏജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും അന്‍മോല്‍ ബിഷ്‌ണോയിയുടെ പേര് ഉയര്‍ന്നിരുന്നു. അറുപത്തിയാറുകാരനായ എന്‍.സി.പി നേതാവിനെ ഇക്കഴിഞ്ഞ 12-ന് മകനും എം.എല്‍.എയുമായ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിനു പുറത്ത് മൂന്നംഗസംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.