'ഇസ്രയേൽ നിർമിത സാങ്കേതികവിദ്യയിലൂടെ 60 വയസുകാരെ 25ലെത്തിക്കും'; ദമ്പതികൾ നിരവധിപ്പേരെ കബളിപ്പിച്ചെന്ന് പരാതി

'ഇസ്രയേൽ നിർമിത സാങ്കേതികവിദ്യയിലൂടെ 60 വയസുകാരെ 25ലെത്തിക്കും'; ദമ്പതികൾ നിരവധിപ്പേരെ കബളിപ്പിച്ചെന്ന് പരാതി


കാൺപൂർ: ഇസ്രയേൽ നിർമിക സാങ്കേതികവിദ്യയിലൂടെ പ്രായം കുറയ്ക്കാമെന്ന് വാഗ്ദാനം നൽകി നിരവധിപ്പേരെ കബളിപ്പിച്ചതായി പരാതി. യുവ ദമ്പതികൾക്കെതിരെയാണ് ഉത്തർപ്രദേശിലെ കാൺപൂരിൽ നിരവധിപ്പേർ പരാതി നൽകിയിരിക്കുന്നത്.  35 കോടിയോളം രൂപ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ഇസ്രയേലിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക മെഷീൻ ഉപയോഗിച്ച് നടത്തുന്ന ചികിത്സകളിലൂടെ 60 വയസുകാരെ 25 വയസുകാരാക്കി മാറ്റാമെന്നായിരുന്നത്രെ രാജീവ് കുമാർ ദുബെയുടെയും ഭാര്യ രശ്മി ദുബെയുടെയും വാഗ്ദാനം. റിവൈവൽ വേൾഡ് എന്ന പേരിൽ കാൺപൂരിൽ ഇവ‍ർ ഒരു തെറാപ്പി സെന്റർ തുടങ്ങിയിരുന്നു. ഓക്സിജൻ തെറാപ്പിയാണ് ഇവിടെ  നടത്തുന്നതെന്നും യുവത്വം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും ഇവർ പറഞ്ഞതായി പരാതിക്കാർ അറിയിച്ചു. 10 സെഷനുകൾ ഉൾപ്പെട്ട ഒരു പാക്കേജിന് 6000 രൂപയായിരുന്നു നിരക്ക്. മൂന്ന് വർഷത്തെ പാക്കേജിന് 90,000 രൂപയും വാങ്ങി.

ദമ്പതികൾ വാടകയ്ക്കാണ് കാൺപൂരിൽ താമസിച്ചിരുന്നത്. അന്തരീക്ഷവായു മലിനമാകുന്നത് കൊണ്ടാണ് പ്രായമാവുന്നതെന്നും ഓക്സിജൻ തെറപ്പിയിലൂടെ മാസങ്ങൾക്കകം ചെറുപ്പം തിരിച്ചുപിടിക്കാനാവുമെന്നും ഇവർ ഉപഭോക്താക്കളോട് പറഞ്ഞു. പരാതി നൽകാനെത്തിയ രേണു സിങ് എന്ന ഒരാൾ മാത്രം വെളിപ്പെടുത്തിയത് 10.75 ലക്ഷം രൂപ നഷ്ടമായെന്നാണ്. നൂറുകണക്കിന് പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ആകെ 35 കോടിയോളം രൂപ പലരിൽ നിന്നായി ഇവ‍ർ വാങ്ങിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇവർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ അനുമാനം