പുതിയ ജെനറേറ്റീവ് എഐ സിസ്റ്റം ഹാക്ക് ചെയ്യാന്‍ ആപ്പിളിന്റെ വെല്ലുവിളി. വിജയകരമായി ആപ്പിള്‍ ഇന്റലിജന്‍സിന്റെ എഐ സര്‍വര്‍ ഹാക് ചെയ്യുന്നവര്‍ക്ക് ഒരു ദശലക്ഷം ഡോളര്‍(ഏകദേശം 8.40 കോടി രൂപ) വരെ പ്രതിഫലം നല്‍കുമെന്നും ആപ്പിള്‍ അറിയിക്കുന്നു. സുരക്ഷാ പിഴവു കണ്ടെത്തുന്ന സെക്യൂരിറ്റി റിസര്‍ച്ചേഴ്‌സ് മാത്രമല്ല സാങ്കേതികവിദ്യയില്‍ താല്‍പര്യമുള്ള ഏതൊരാള്‍ക്കും വെല്ലുവിളി ഏറ്റെടുക്കാം. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന എഐയുടെ സര്‍വറായ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിന്റെ സുരക്ഷ ഉറപ്പിക്കുകയാണ് ഇതുവഴി ആപ്പിള്‍ ലക്ഷ്യമിടുന്നത്. 


ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ആപ്പിള്‍ ഇന്റലിജന്‍സ് നീക്കം ചെയ്യുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് ആപ്പിള്‍ ഇന്റലിജന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തരം സുരക്ഷാ വീഴ്ച്ചകള്‍ക്കും ഒരേ പ്രതിഫലമല്ല ആപ്പിള്‍ നല്‍കുക. സുപ്രധാന സുരക്ഷാ വീഴ്ച്ച കണ്ടെത്തിയാല്‍ ഒരു ദശലക്ഷം ഡോളര്‍ വരെ ആപ്പിള്‍ നല്‍കും. 



ആപ്പിള്‍ ഐഫോണ്‍ 16, 15 പ്രൊ, 15 പ്രൊ മാക്‌സ് തുടങ്ങിയ മോഡലുകളിലേക്കുള്ള ബില്‍റ്റ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ആപ്പിള്‍ ഇന്റലിജന്‍സ്. കഴിഞ്ഞ സെപ്തംബറിലാണ് ആപ്പിളിന്റെ എഐ സംവിധാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മെസേജുകള്‍ തരം തിരിക്കുന്നതിനും ജെനറേറ്റീവ് റൈറ്റിങിനും തനതായ ഇമോജികള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നതാണ് ആപ്പിള്‍ ഇന്റലിജന്‍സ്. 

Image Credit: canva AI



ജെനറേറ്റീവ് എഐ മോഡലാണ് ആപ്പിള്‍ ഇന്റലിജന്‍സ്. സാധാരണ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ ഭൂതകാല വിവരങ്ങളില്‍ നിന്നും വിവരങ്ങളെ തരം തിരിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജെനറേറ്റീവ് എഐ ഭൂതകാല വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ വിവരങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഈ വിവരങ്ങളില്‍ ടെക്സ്റ്റും ചിത്രങ്ങളും വിഡിയോയും സംഗീതവും വരെ ഉള്‍പ്പെടുന്നു. സാമ്പ്രദായിക എഐയെ അപേക്ഷിച്ച് കൂടുതല്‍ സര്‍ഗാത്മകമായ ജോലികള്‍ക്ക് ജെനറേറ്റീവ് എഐ ഉപയോഗിക്കാനാവും. 

ഇതുവരെ തേഡ് പാര്‍ട്ടി ഓഡിറ്റര്‍മാരെ മാത്രമാണ് ആപ്പിള്‍ അവരുടെ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടില്‍ പരിശോധന നടത്താന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ബൗണ്ടി പ്രോഗ്രാം പ്രഖ്യാപിച്ചതോടെ ആര്‍ക്കും ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടറിന്റെ സുരക്ഷ പരിശോധിക്കാനാവും. എന്നാല്‍ ഇതിന് ശ്രമിക്കുന്നവര്‍ക്ക് എം സീരീസ് ചിപ്പും കുറഞ്ഞത് 16 ജിബി റാമും ഉള്ള മാക് കംപ്യൂട്ടറും ആവശ്യമാണ്. 


ചോര്‍ത്തുന്നവര്‍ക്ക് 2.50 ലക്ഷം ഡോളര്‍ വരെ പ്രതിഫലം ലഭിക്കും

ജെനറേറ്റീവ് എഐ ഉപയോഗിക്കുന്നവരുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് 2.50 ലക്ഷം ഡോളര്‍ വരെ പ്രതിഫലം ലഭിക്കും. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട വിവരങ്ങളും മറ്റും ചോര്‍ത്തിയാല്‍ ഒന്നര ലക്ഷം ഡോളര്‍ വരെയാണ് പ്രതിഫലം. ആരെങ്കിലും അവിചാരിതമായി വിവരങ്ങള്‍ ചോര്‍ത്തിയാല്‍ അവര്‍ക്കും അര ലക്ഷം ഡോളര്‍ ആപ്പിള്‍ നല്‍കും. 

Image Credit: fireFX/shutterstock.com

ആപ്പിള്‍ ഇന്റലിജന്‍സ് ഐഒഎസ് 18.1 അപ്‌ഡേറ്റ് മുതലാണ് ലഭ്യമായി തുടങ്ങുക. ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്‌സ്, ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രൊ, 16 പ്രൊ മാക്‌സ് എന്നിവയിലായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ലഭ്യമാവുക. ആദ്യഘട്ടത്തില്‍ സിരിയിലെ മാറ്റങ്ങള്‍ക്കൊപ്പം പ്രൂഫ് റീഡിങ്, റീറൈറ്റിങ്, സ്മാര്‍ട്ട് റീപ്ലേ, നോട്ടിഫിക്കേഷനുകള്‍ ചുരുക്ക രൂപത്തില്‍ അവതരിപ്പിക്കുക, ഫോട്ടോകളിലെ ആവശ്യമില്ലാത്തവ ഒഴിവാക്കുക തുടങ്ങിയ ഫീച്ചറുകള്‍ ആപ്പിള്‍ ഇന്റലിജന്‍സിലുണ്ടാവും.

അതേസമയം ജെന്‍ മോജി, ഇമേജ് പ്ലേഗ്രൗണ്ട്, ചാറ്റ് ജിപിടി ഇന്റഗ്രേഷന്‍, വിഷ്വല്‍ ഇന്റിലിജന്റ്സ് എന്നിങ്ങനെയുള്ളവ അടുത്തമാസം പ്രതീക്ഷിക്കുന്ന ഐഒഎസ് 18.2ലായിരിക്കും ലഭ്യമാവുക. ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ പ്രവചിക്കുന്നത് ഐഒഎസ് 18.1 ഇന്ന്(ഒക്ടോബര്‍ 28) രാത്രി 10.30 മുതല്‍ ലഭ്യമായി തുടങ്ങുമെന്നാണ്.