പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം
തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. ചെറുവാരക്കോണം സ്വദേശികളായ സെൽവരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. സെൽവരാജ് തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു.
ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. മകൾ ഭർത്താവിന്റെ വീട്ടിലാണ്. കൊച്ചിയിൽ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. എന്താണ് മരണ കാരണമെന്നത് വ്യക്തമല്ല. മരണം സംഭവിച്ച സമയം എപ്പോഴാണെന്നതും വ്യക്തമല്ല.
'സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. മറ്റ് പ്രശ്‌നങ്ങൾ ഉള്ളതായി അറിയില്ല. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീടാണ്. എംഎൽഎ വന്നാണ് ഉദ്ഘാടനം ചെയ്‌തത്. കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, ആത്മഹത്യയിലേക്ക് നയിച്ചത് ഇതാണോ എന്ന് വ്യക്തമായി അറിയില്ല. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇവരുടെ മകൻ എത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കാണുന്നത്. ഉടൻ തന്നെ ഓടി സമീപത്തെ വീട്ടിലുള്ളവരെ അറിയിച്ചു. മൃതദേഹങ്ങൾ ജീർണിച്ച നിലയിലായിരുന്നു. ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല', പഞ്ചായത്തംഗം പറഞ്ഞു.
ദമ്പതികൾ യൂട്യൂബിലും സജീവം
യൂട്യൂബറായിരുന്ന പ്രിയ വെള്ളിയാഴ്‌ച രാത്രി മരണം സംബന്ധിച്ച സൂചനകൾ നൽകിക്കൊണ്ടുള്ള വീഡിയോ ചാനലിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. വിടപറയും നേരം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേർത്ത് നിർമിച്ച വീഡിയോയാണ് ഇവർ അവസാനമായി ചാനലിൽ പോസ്റ്റ് ചെയ്‌തത്.
എല്ലാ ദിവസവും രാത്രി യൂട്യൂബിൽ ലൈവ് വന്നിരുന്ന പ്രിയ വ്യാഴാഴ്‌ചയാണ് അവസാനമായി ലൈവിലെത്തിയത്. അവസാന രണ്ട് ദിവസങ്ങളിൽ നാല് മണിക്കൂറും ആറ് മണിക്കൂറും നീണ്ടു നിൽക്കുന്ന ലൈവാണ് ചാനലിൽ പോസ്റ്റ് ചെയ്‌തിട്ടുള്ളത്. വ്യാഴാഴ്‌ച രാത്രിയിൽ പോസ്റ്റ് ചെയ്‌ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിട്ടാണ് പ്രിയയെ കണ്ടത്. ഇരുവരെയും പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്