വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍; മൂന്നംഗ സംഘമെന്ന് വീട്ടുകാര്‍


വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍; മൂന്നംഗ സംഘമെന്ന് വീട്ടുകാര്‍


കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച് മൂന്നംഗ സംഘം കടന്നുകള‍ഞ്ഞതായി പരാതി. കോഴിക്കോട് പെരുവയല്‍ ഖാദി ബോര്‍ഡിന് സമീപം പുതുക്കിടി മീത്തല്‍ സന്തോഷിന്റെ ബൈക്കാണ് അജ്ഞാത സംഘം കത്തിച്ചുകളഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സന്തോഷിന്റെ അമ്മയാണ് ആദ്യം ബൈക്ക് കത്തുന്നത് കണ്ടത്. ഇവര്‍ കിടക്കുന്ന മുറിയിലെ ജനവാതില്‍ തുറന്നിട്ടിരുന്നു. 

കനത്ത ചൂടും വെളിച്ചവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ ബൈക്ക് കത്തുന്നതാണ് കണ്ടതെന്ന് അവര്‍ പറഞ്ഞു. മൂന്ന് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടതായും സന്തോഷിന്റെ അമ്മ പറഞ്ഞു. തുടര്‍ന്ന് മറ്റുള്ളവരെ വിളിച്ചുണര്‍ത്തുകയായിരുന്നു. അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിരുന്നു. കൂടുതല്‍ പരിശോധനയില്‍ വൈദ്യുതി ഫ്യൂസ് കാരിയര്‍ ഊരി മാറ്റിയതായി കണ്ടെത്തി. കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കുന്നമംഗലം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.