ഭീകരാന്തരീക്ഷമായിരുന്നു, ഫോണിലേക്ക് അലർട്ടുകൾ വന്നുകൊണ്ടിരുന്നു’; ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മലയാളികൾ
ടെല്‍ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. അതിനാൽ അപകടം സംഭവിച്ചില്ല. സംഘർഷാവസ്ഥ നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
ജെറുസലേമിന് നിന്ന് തിരികെ വരുമ്പോഴാണ് ആക്രമണമെന്ന് മലയാളിയായ റീന പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ച ഫോണില്‍ മുന്നറിയിപ്പ് വന്നു. വല്ലാത്തൊരു ഭീകരാന്തരീക്ഷമായിരുന്നു. ഇനി ജീവനോടെ ഉണ്ടാകുമോയെന്ന് ഭയന്നുപോയി. എല്ലാവരും ആശങ്കയിലാണ്. അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. മലയാളികൾക്ക് ആരും അപായമില്ലെന്നാണ് വിവരമെന്നും റീന പറഞ്ഞു. ടെൽ അവീവ് മേഖലയിൽ ഒരു മണിക്കൂറോളം ആക്രമണം തുടർന്നെന്ന് മലയാളിയായ ബ്ലെസ്സി പ്രതികരിച്ചു. നിലവിൽ മലയാളികൾ ആർക്കും എന്തെങ്കിലും പരിക്കേറ്റതായി വിവരം ഇല്ലെന്നും ബ്ലെസ്സി പറഞ്ഞു.
ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരംവീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് മേൽ വർഷിച്ചത്. ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടത്. ഇസ്രയേലിനെ ലക്ഷ്യമിട്ട് നീങ്ങുന്ന മിസൈലുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആക്രമണം നടന്നന്നെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. എന്നാൽ, ആക്രമണത്തെ ഫലപ്രദമായി നേരിട്ടതായി ഇസ്രയേലും അമേരിക്കയും പ്രതികരിച്ചു.