ഇരിട്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം

ഇരിട്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം


ഇരിട്ടി: നഗരത്തിൽ ഒക്ടോബർ 1 മുതൽ ഗതാഗത പരിഷ്കരണം നിലവിൽ വരും.  ഇതിൻ്റെ ഭാഗമായി നഗരത്തിലെ പാർക്കിംങ് ഏരിയകളും ബസ്‌വേകളും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പോലിസിൻ്റെയും ഗതാഗത വകുപ്പിൻ്റെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച്ച ന്സംയുക്ത പരിശോധന നടത്തി. 

നഗരത്തിലെ അംഗീകൃത പാർക്കിംങ് ഏരിയയിൽ വാഹനങ്ങൾക്ക്  പാർക്ക് ചെയ്യാവുന്ന അംഗീകൃത സമയം അര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് നിയമം തെറ്റിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ദീർഘനേരം പാർക്കിംഗ് ചെയ്യുന്ന വാഹനങ്ങൾക്കായി ഇരിട്ടി ടൗണിൽ വിവിധ സ്ഥലങ്ങളിലായി പാർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

പാർക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ 250 രൂപയാണ് ഫൈൻ ചുമത്തുന്നത്. പുതിയ പാർക്കിങ് സംവിധാനം വരുന്നതിന്  ഒരാഴ്ച മുൻപ് തന്നെ അനധികൃത പാർക്കിങ്ങിനെതിരെ  പോലീസ് നടപടി ആരംഭിച്ചിരുന്നു. പോലീസ് പരിശോധനയിൽ 50 ഓളം വാഹനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തിരുന്നു. 

പുതിയ ബസ്സ്റ്റാൻഡ് റോഡ് ഇടതുവശം നോ പാർക്കിങ് ഏരിയ ആയും വലതുവശം ഓട്ടോ സ്‌റ്റാണ്ടായും  നിലനിർത്താൻ ആണ് തീരുമാനിച്ചിട്ടുള്ളത്. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഫുട്ട് പാത്ത് കച്ചവടത്തിനും നിയന്ത്രണമുണ്ട്. ഫുട്ട്പാത്ത് കയ്യേറി നടത്തുന്ന കച്ചവടക്കാർക്കെതിരെ ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. 
ഇത്തരം ചില കച്ചവടങ്ങൾ തിങ്കളാഴ്ച നടന്ന സംയുക്ത പരിശോധനയിൽ എടുത്തു മാറ്റി. 

പരിശോധനയിൽ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി സി ഐ  എ. കുട്ടികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ  കെ. സുരേഷ്, നഗരസഭ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, എ.കെ. ഷൈജു, ക്‌ളീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്  അയൂബ് പൊയിലൻ, അജയൻ പായം, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻപ്രതിനിധികൾ  തുടങ്ങിയവർ  പങ്കെടുത്തു.