രാഹുലും രമ്യയും പ്രിയങ്കയും സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

രാഹുലും രമ്യയും പ്രിയങ്കയും സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്


വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളാകും.

തിരുവനന്തപുരം:നവംബര്‍ പതിമൂന്നിന് നടക്കുന്ന കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളാകും. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

വയനാട് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തി വയനാട് ഒഴിവാക്കിയതും പാലക്കാട്, ചേലക്കര മണ്ഡലത്തില ജനപ്രതിനിധികളായിരുന്ന ഷാഫി പറമ്പിലും കെ. രാധാകൃഷ്ണനും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതുമാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും. പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നണ്ടെങ്കിലൂം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന.

ബിജെപിയില്‍ പാലക്കാട് സീറ്റില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍ഗണന. അതിനിടെ ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും കൃഷ്ണകുമാറിന് പാലക്കാട് സീറ്റ് നല്‍കാനും ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, പ്രസിഡന്റ് പി വസന്തം എന്നിവരുടെ പേരുകളാണ് സിപിഐ.യുടെ പരിഗണനയിലുള്ളത്.