കാസര്‍കോട്ടെ ഓടോറിക്ഷ ഡ്രൈവറുടെ മരണത്തില്‍ ആരോപണവിധേയനായ എസ്ഐ മറ്റൊരു ഓടോറിക്ഷ ഡ്രൈവറെ കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ നടന്ന നിസാര പ്രശ്നത്തിന്റെ പേരിലാണ് കൊലപുള്ളിയെ പിടികൂടുന്നത് പോലെ ഓടോറിക്ഷ സ്റ്റാൻഡിലെത്തിയ എസ്ഐ പെരുമാറിയതെന്ന് ഡ്രൈവർമാർ പറയുന്നു.
കോഴിക്കോട് നിന്നും തളങ്കര മാലിക് ദീനാർ പള്ളിയിലേക്ക് തീർഥാടനത്തിനെത്തിയ നാലു പുരുഷൻമാർ നൗശാദിൻ്റെ ഓടോറിക്ഷയിൽ കയറിയിരുന്നു. ഓടോറിക്ഷ ഓടിച്ചു പോകുന്നതിനിടെ യാത്രക്കാരിൽ ഒരാളുടെ കാൽ പുറത്ത് ഇട്ടിരിക്കുന്നത് ഗ്ലാസിലൂടെ കണ്ട് കാൽ അകത്തിടാൻ പറഞ്ഞിരുന്നുവെത്ര. എന്നാൽ യാത്രക്കാരൻ അതിന് തയ്യാറായില്ല. മാത്രമല്ല ഞങ്ങൾ ഒരുപാട് ഓടോറിക്ഷയിൽ കയറിയിരുന്നുവെന്നും ആർക്കും പ്രശ്നം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു യാത്രക്കാരന്റെ വാദം.
നഗരത്തിൽ കാമറ ഉള്ളതാണെന്നും കാൽ പുറത്തിട്ട് യാത്ര ചെയ്യുന്നത് കണ്ടാൽ പൊലീസ് പിഴയീടാക്കുമെന്നും പറഞ്ഞിട്ടും യാത്രക്കാരൻ കാൽ വാഹനത്തിന്റെ അകത്തിടാൻ തയ്യാറായില്ല. കാൽ അകത്തിട്ട് പോകാൻ കഴിയില്ലെങ്കിൽ വേറെ വണ്ടിയിൽ പോയിക്കൊള്ളുവെന്ന് ഓടോറിക്ഷ ഡ്രൈവർ പറഞ്ഞതോടെ യാത്രക്കാർ തർക്കിച്ച് ഒടുവിൽ കാസർകോട് മാർകറ്റിനടുത്ത് ഇറങ്ങി.
ഇതുവരെ യാത്ര ചെയ്‌തതിന് മിനിമം ചാർജായ 30 നൽകണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടതോടെ വാക്ക് തർക്കം ഉണ്ടാവുകയും ആൾക്കാർ കൂടുകയും ചെയ്തു. ഡ്രൈവറുടെ പക്ഷത്താണ് ന്യായം എന്നതുകണ്ട് കൂടി നിന്നവർ കൂടി പറഞ്ഞതോടെ യാത്രക്കാർ മിനിമം ചാർജ് നൽകി പോയി.
പിന്നീട് ഇവരുടെ പരാതിയിൽ എസ്ഐ, നൗശാദിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. നടന്ന കാര്യം മുഴുവൻ പറഞ്ഞിട്ടും നൗശാദിനെ കുറ്റക്കാരനാക്കി ഓടോറിക്ഷ കസ്റ്റഡിയിലെടുക്കുമെന്ന് പറയുകയും ചെയ്തു. ഓടോ സ്റ്റാൻഡിലാണെന്ന് പറഞ്ഞതോടെ കൊണ്ടുവരാൻ ഡ്രൈവറോട് പറഞ്ഞു.
നൗശാദ് സ്റ്റാൻഡിൽ എത്തി അൽപ്പസമയം കഴിഞ്ഞിട്ടും കാണാതായതോടെ പിറകെ എത്തിയ എസ്ഐ ഡ്രൈവറെ കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. താൻ കൊലപാതകം ചെയ്യുകയോ കഞ്ചാവ് വിൽക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും പിന്നെ എന്ത് കുറ്റത്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്നും യുവാവ് വിളിച്ചു പറയുന്നുണ്ട്.
ഇതിനിടയിൽ ഇതുവഴി വന്ന കാസർകോട് ഡിവൈഎസ്‌പി ജീപ് നിർത്തി കാര്യം അന്വേഷിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ടിയു ഓടോ തൊഴിലാളി സംഘടനാ നേതാവ് മുഈനുദ്ദീൻ ഡിവൈഎസ്പിയെ നടന്ന കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതിന് ശേഷം തൻ്റെ ജീപിൽ കയറാൻ നൗശാദിനോട് ആവശ്യപ്പെട്ടു. മുഈനുദ്ദീനോട് പിറകെ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു.
സ്റ്റേഷനിലെത്തിയ ശേഷം നൗശാദിനോട് കൂടി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഡിവൈഎസ്പി പിന്നീട് കേസൊന്നും ഇല്ലെന്ന് പറഞ്ഞ് പോകാൻ അനുവദിച്ചു. അതുകൊണ്ട് തന്നെ ഡ്രൈവർമാരിൽ ഒരാൾ എടുത്ത വീഡിയോ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം നിസാര പ്രശ്നത്തിന് ഇതേ എസ്ഐ വാഹനം കസ്റ്റഡിയിലെടുത്ത് അഞ്ച് ദിവസം പിടിച്ചു വെച്ചതിനെ തുടർന്ന് ഓടോ ഡ്രൈവർ അബ്ദുൽ സത്താർ എന്ന 60കാരൻ ജീവനൊടുക്കിയതോടെയാണ് വീഡിയോ പുറത്ത് വിട്ടത്.