തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പൂരം കലക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമായി തന്നെ തുടരുന്നതിന് ഇടയിലാണ് പൊലീസിന്റെ നടപടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ് ഐ ടി സംഘത്തിലെ ഇന്‍സ്പെക്ടർ ചിത്തരഞ്ജന്റെ പരാതിയിലാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്തെങ്കിലും എഫ് ഐ ആറില്‍ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച അന്വേഷണം കാര്യക്ഷമം അല്ലെന്ന വിമർശനം ഉയരുന്നതിന് ഇടയില്‍ കൂടിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാന്‍ പൊലീസ് തയ്യാറായിരിക്കുന്നത്. ഇന്നലെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക അന്വേഷണ സംഘമായിരിക്കും എഫ് ഐ ആറില്‍ ഇനി തുടർ നടപടികള്‍ സ്വീകരിക്കുക.
രണ്ട് വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പർദ സൃഷ്ടിക്കല്‍, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് എഫ് ഐ ആറില്‍ ചേർത്തിരിക്കുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ എ ഡി ജി പി റിപ്പോർട്ട് നല്‍കിയിരുന്നെങ്കിലും ഈ റിപ്പോർട്ടിന്മേല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചിരുന്നു. ഇതോടെയാണ് വിവിധ പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക അന്വേഷണം തന്നെ പരാതി നല്‍കുന്നത്.
അതിനിടെ, തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി സി പി ഐ നേതാക്കള്‍ തന്നെ രംഗത്ത് വന്നത് സർക്കാറിന് കനത്ത തിരിച്ചടിയായി. ഇത്തവണത്തെ പൂരം നടക്കേണ്ടത് പോലെ നടന്നിട്ടില്ലെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്. പൂരം വേണ്ടത് പോലെ നടത്താന്‍ ചിലർ സമ്മതിച്ചില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്ത് വരണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
വിഷയത്തില്‍ സി പി ഐ നേതാവ് വി എസ് സുനില്‍ കുമാറും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് രംഗത്ത് വന്നു. പൂരം കലക്കി എന്നുള്ളത് യാതൊരു വിധ സംശയവും ഇല്ലാത്ത കാര്യമാണ്. കുറ്റക്കാരായ എല്ലാവരേയും കണ്ടെത്തി പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിക്കെട്ട് അല്‍പ്പം വൈകിയതിനെയാണ് തൃശൂർ പൂരം കലക്കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.