കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയെ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ മുന്നില്‍നിന്നു കരുതലോടെ സുധീരം നയിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. ഇന്ന് വൈകിട്ട് 5.21 ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു 95 വര്‍ഷം നീണ്ട ശ്രേഷ്ഠ ജീവിതത്തിന്റെ അന്ത്യം. ആറു മാസത്തിലേറെയായി ഇവിടെ ചികിത്സയിലായിരുന്നു.
എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിനടുത്ത് വടയമ്പാടിയില്‍ 1929 ജൂലൈ 22നാണ് ബാവയുടെ ജനനം. പിതാവ്: പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി. മാതാവ്: കോലഞ്ചേരി കല്ലിങ്കല്‍ തൊമ്മന്റെയും ഏലിയാമ്മയുടെയും മകള്‍ കുഞ്ഞാമ്മ. ഇവരുടെ എട്ടു മക്കളില്‍ ആറാമനായിരുന്നു കുഞ്ഞൂഞ്ഞ് എന്ന ഓമനപ്പേരുള്ള സി.എം. തോമസ് എന്ന ശ്രേഷ്ഠ ബാവ.
അഞ്ചലോട്ടക്കാരനില്‍നിന്ന് അജപാലനദൗത്യത്തിന്റെ അമരത്തെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര. വീട്ടിലെ നിത്യച്ചെലവുകള്‍ക്കു വകതേടി ചെറുപ്രായത്തില്‍തന്നെ പോസ്റ്റല്‍ വകുപ്പില്‍ അഞ്ചലോട്ടക്കാരന്‍ (മെയില്‍ റണ്ണര്‍) ആയി. ദിവസവും രാവിലെ ആറിനു തപാല്‍ ഉരുപ്പടികള്‍ നിറച്ച സഞ്ചിയും തോളിലേറ്റി ഏഴക്കരനാട് പോസ്റ്റ് ഓഫീസില്‍നിന്നു തൃപ്പൂണിത്തുറ അഞ്ചലാപ്പീസിലേക്കു കുതിക്കുകയായിരുന്നു ജോലി.
ഇടയ്ക്കിടെ മോഹാലസ്യപ്പെട്ടു വീഴുന്ന അപസ്മാര സദൃശ്യമായ അസുഖക്കാരനായിരുന്നു ബാല്യത്തില്‍ കുഞ്ഞുഞ്ഞ്.
ഓമനിച്ചു വളര്‍ത്തിയ 23 ആടുകളായിരുന്നു കുഞ്ഞുന്നാളില്‍ അദ്ദേഹത്തിനു കൂട്ട്. പത്രവിതരണക്കാരന്‍, കര്‍ഷകന്‍, മീന്‍പിടിത്തക്കാരന്‍ എന്നിങ്ങനെ പലവഴി നീണ്ടു പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസില്‍ അവസാനിച്ചതു മുതല്‍ പതിനഞ്ചാം വയസില്‍ മലേക്കുരിശ് ദയറായില്‍ സണ്‍ഡേ സ്‌കൂളില്‍ വേദപഠന അധ്യാപകനായി മാറുന്നതു വരെയുള്ള കുഞ്ഞുഞ്ഞിന്റെ കുട്ടിക്കാലം.
തന്നെ അടിമവച്ച മലേക്കുരിശ് ദയറായില്‍ പകല്‍ധ്യാനത്തിനു മുടങ്ങാതെ എത്തുമായിരുന്ന കുഞ്ഞുഞ്ഞിന്റെ കിടപ്പും രാത്രി ഉറക്കവും ക്രമേണ ദയറായില്‍ത്തന്നെയായി. അവിടെ സണ്‍ഡേ സ്‌കൂള്‍ പഠിപ്പിക്കുകയും ദൈവവചനം പ്രസംഗിക്കുകയും ചെയ്തിരുന്ന തോമസിനെ, പിന്നീടു പൗരസ്ത്യ കാതോലിക്കാ ബാവയായ അന്നത്തെ കണ്ടനാട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ പീലക്സിനോസ് പിറമാടം ദയറായിലേക്ക് കുട്ടിക്കൊണ്ടുപോയി. 1952 ല്‍ ഇരുപത്തിമൂന്നാം വയസില്‍ കോറൂയോ പട്ടം നല്‍കി. ആലുവായിലെ വലിയ തിരുമേനി(പൗലൂസ് മാര്‍ അത്താനാസിയോസ്)യുടെ സെക്രട്ടറിയും സുറിയാനി മല്‍പ്പാനുമായിരുന്ന ഞാര്‍ത്താങ്കല്‍ കോരുത് മല്‍പ്പാന്റെയും മൂശസലാമ റമ്പാന്റെയും (മോര്‍ ക്രിസോസ്റ്റമോസ്) കടവില്‍ പോള്‍ റമ്പാന്റെയും (ഡോ പൗലുസ് മാര്‍ അത്താനാസിയോസ്) കീഴില്‍ തുടര്‍ന്നു വൈദികപഠനം നടത്തി. 1957 ല്‍ കടമറ്റം പള്ളിയില്‍വച്ച് ശെമ്മാശപ്പട്ടവും 1958 സെപ്റ്റംബര്‍ 21 നു മഞ്ഞിനിക്കര ദയറായില്‍വച്ച് അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയില്‍നിന്നു ഫാ.സി.എം. തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ പുരോഹിത പട്ടവും സ്വീകരിച്ചു.
1974 ഫെബ്രുവരി 24 നു ദമാസ്‌കസില്‍വച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തെ തോമസ് മോര്‍ ദീവന്നാസിയോസ് എന്ന പേരില്‍ അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. ഒപ്പം അഭിഷിക്തനായ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായി. 1999 ഫെബ്രുവരിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റ് ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് കാലംചെയ്തു. അടിയന്തരമായി ചേര്‍ന്ന സുന്നഹദോസ് തോമസ് മോര്‍ ദീവന്നാസിയോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
2000ത്തില്‍ ചേര്‍ന്ന അഖില മലങ്കര പള്ളിപ്രതിപുരുഷയോഗം മോര്‍ ദീവന്നാസിയോസിനെ നിയുക്ത കാതോലിക്കയായി ഉയര്‍ത്തി. 2002 ജൂലൈയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി നിയോഗിച്ചു. സിറിയയില്‍ മോര്‍ എഫ്രേം ദയറാ കത്തീഡ്രലില്‍ 2002 ജൂലൈ 26 ന് ശ്രേഷ്ഠ കാതോലിക്കയായി വാഴിച്ചു. ജൂലൈ 31 ന് കോതമംഗലം മര്‍ത്തോമ്മന്‍ ചെറിയപള്ളിയിലായിരുന്നു സുന്ത്രോണീസോ(സ്ഥാനാരോഹണം) ശുശ്രൂഷ.
2014 മാര്‍ച്ച് 21 ന് കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പിന്‍ഗാമിയായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിലും പാത്രിയാര്‍ക്കാ വാഴ്ചയിലും പ്രധാന കാര്‍മികനായതു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയായിരുന്നു.
വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തതായിരുന്നു ശ്രേഷ്ഠ ബാവയുടെ ജീവിതം. സഭയുടെ മക്കള്‍ എവിടെയെല്ലാം
പ്രതിസന്ധി നേരിട്ടോ അവിടെയെല്ലാം ബാവ ഓടിയെത്തി. ആലുവ തൃക്കുന്നത്തും കോലഞ്ചേരിയിലും പഴന്തോട്ടത്തും മണര്‍കാട്ടു എല്ലാം സത്യവിശ്വാസ സംരക്ഷണത്തിനു ബാവ സഹിച്ച ത്യാഗത്തിന് അളവില്ല. പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും തുടങ്ങി അനേകം പീഡകള്‍ സഹിച്ചു.
പൗലോസ് ശ്ലീഹ സുവിശേഷമെത്തിച്ച 69 ദേശങ്ങളില്‍ 67 ഉം ശ്രേഷ്ഠ ബാവ സന്ദര്‍ശിച്ചിട്ടുണ്ട്. ദമാസ്‌കസിലേക്ക് 75 തവണയാണ് പോയത്. ഊര്‍ശ്ലേമിലേക്ക് ഒന്‍പതു പ്രാവശ്യം യാത്രചെയ്തു. റോമില്‍ വച്ച് പലതവണ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.