ഇറക്കുമതി കുത്തനെ കൂടി; റബർ വീണ്ടും വീണു

ഇറക്കുമതി കുത്തനെ കൂടി; റബർ വീണ്ടും വീണു


കോട്ടയം > പ്രതീക്ഷയേറ്റി വർധിച്ച റബർവില വീണ്ടും കുത്തനെ താഴ്ന്നു. ആഗസ്തിൽ കിലോയ്ക്ക് 250 രൂപയിലേറെ കിട്ടിയിരുന്നത് ഇപ്പോൾ 180ലെത്തി. കണ്ടെയ്നറുകളുടെ ക്ഷാമം മൂലം ഇടയ്ക്ക് മങ്ങിപ്പോയ അന്താരാഷ്ട്ര ഇറക്കുമതി ഇപ്പോൾ ശക്തിപ്പെട്ടതാണ് വില കുറയാനുള്ള കാരണങ്ങളിലൊന്ന്. ഇതിനിടെ ആഭ്യന്തര വിപണിയിൽനിന്ന് ചരക്ക് വാങ്ങാതെ ടയർ കമ്പനികൾ വിട്ടുനിന്നത് സാഹചര്യം രൂക്ഷമാക്കി. വില കൂടിയതുകണ്ട് ടാപ്പിങ് പുനരാരംഭിച്ച കർഷകരും പ്രതിസന്ധിയിലായി.

റബർ മേഖലയ്ക്ക് പുത്തനുണർവേകിയാണ് ആഗസ്തിൽ വില 250 കടന്നത്. ആർഎസ്എസ് 4ന്റെ ബോർഡ്വില ആഗസ്ത് 10ന് 247 ആയിരുന്നു. പക്ഷേ 253 രൂപവരെ കിട്ടിയിരുന്നു. പത്തുദിവസം കഴിഞ്ഞപ്പോൾ 10 രൂപ കുറഞ്ഞ് 237 ആയി. സെപ്തംബറിൽ ശരാശരി 224 രൂപയിൽ നിന്നു. എന്നാൽ ഒക്ടോബർ 16ന് 200ൽ താഴ്ന്നു. പിന്നീട് അതിവേഗം കുറഞ്ഞ് 180 ആയി. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ നല്ല വില കിട്ടിയിരുന്നെങ്കിലും ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിരുന്നില്ല. മഴ കാരണം കാര്യമായ ടാപ്പിങ് നടന്നില്ല.

മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും ഇന്ത്യയിൽ റബറിന് വിലകൂടാൻ സഹായകമായിരുന്നു. ഷിപ്പിങ് കണ്ടെയ്നറുകൾക്ക് പല കാരണങ്ങളാൽ ക്ഷാമം നേരിട്ടതും കപ്പൽകൂലി വർധിച്ചതും രാജ്യാന്തര ചരക്കുനീക്കത്തെ ബാധിച്ചു. എന്നാൽ ഇപ്പോൾ കണ്ടെയ്നർ ക്ഷാമം മാറുകയും ഷിപ്പിങ് ചാർജ് കുറയുകയും ഇറക്കുമതി ശക്തിപ്പെടുകയും ചെയ്തു.

ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽനിന്ന് റബറെടുക്കാതെ, മുമ്പ് ശേഖരിച്ച ഇറക്കുമതി റബർ മാത്രമാണ് ഉപയോഗിക്കുന്നത്. വില പരമാവധി ഇടിക്കുകയാണ് ലക്ഷ്യം. ഇതോടെ കർഷകർക്കൊപ്പം ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായി. നവംബർ അവസാനം വരെ ഈ നിലപാട് തുടരാനാണ് ടയർ ലോബിയുടെ നീക്കം.

ടയർ കമ്പനികളുടെ യോഗം വിളിക്കാൻ റബർ ബോർഡ്

ടയർ കമ്പനികളുടെ ബഹിഷ്കരണത്തിന് പരിഹാരം കാണാൻ കമ്പനിയുടമകളുടെ യോഗം വിളിക്കാനാണ് റബർ ബോർഡിന്റെ തീരുമാനം. വിഷയമുന്നയിച്ച് നേരിൽ വന്നുകണ്ട ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളെ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എം വസന്തഗേശനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബോർഡിന്റെ നിലപാടുകൾക്കെതിരെയും വിമർശനമുയരുന്നുണ്ട്. ടയർ കമ്പനികളുടെ ബഹിഷ്കരണം കണ്ടില്ലെന്ന നിലപാടാണ് തുടക്കം മുതൽ ബോർഡ് സ്വീകരിച്ചിരുന്നത്.

വർധിച്ചതോതിലുള്ള ഇറക്കുമതിയിൽനിന്ന് പിന്മാറി ആഭ്യന്തര വിപണിയിൽ നിന്ന് റബർ ശേഖരിക്കാൻ വ്യവസായികൾക്ക് അടിയന്തര നിർദേശം നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഓരോ ദിവസവും വലിയ വിലവ്യത്യാസമാണുണ്ടാകുന്നത്. ഇതിന് പരിഹാരം കാണണം.
എക്സിക്യൂട്ടിവ് ഡയറക്ടറുമായുള്ള ചർച്ചയിൽ ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി, ജോർജി മാത്തൻ, ഡോമിനിക് മാത്യു എന്നിവരും റബർ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനോയി കുര്യൻ എന്നിവരും പങ്കെടുത്തു.