മട്ടന്നൂരിലും ആലപ്പുഴയിലും സ്‌കൂൾ കുട്ടികളുമായി പോയ ബസുകൾ മറി‌ഞ്ഞ് അപകടം; കൊല്ലത്ത് സ്കൂൾ ബസിൽ പുക

മട്ടന്നൂരിലും ആലപ്പുഴയിലും സ്‌കൂൾ കുട്ടികളുമായി പോയ ബസുകൾ മറി‌ഞ്ഞ് അപകടം; കൊല്ലത്ത് സ്കൂൾ ബസിൽ പുക












തിരുവനന്തപുരം: മട്ടന്നൂരിലും ആലപ്പുഴയിലും സ്‌കൂൾ കുട്ടികളുമായി പോയ ബസുകൾ മറി‌ഞ്ഞ് അപകടം. രണ്ട് ബസുകളിലുമായി 31 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്കാ‍ർക്കും സാരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.


മട്ടന്നൂരിൽ സ്കൂൾ വാഹനം റോഡരികിലെ കുഴിയിലേക്കാണ് മറിഞ്ഞത്. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപെട്ടത്. വാഹനത്തിൽ ആറ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. 


ആലപ്പുഴയിൽ സ്കൂൾ ബസ് പാടത്തേക്കാണ് മറിഞ്ഞത്. കോടുകുളഞ്ഞി തയ്യിൽപ്പടിക്ക് തെക്ക്, മാമ്പ്ര പാടത്തേക്കാണ് ബസ് മറിഞ്ഞത്. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്കൂള്‍ ബസാണ് അപകടത്തിൽ പെട്ടത്. 25 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ബസ്സിൽ ഉണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.


കൊല്ലം പരവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും പുക ഉയർന്നു.  മീയണ്ണൂർ ഡൽഹി പബ്ളിക് സ്കൂളിന്റെ ബസിലാണ് പുക ഉയ‍ർന്നത്. അപകട സമയത്ത് 31 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പുക കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയം