തിരുച്ചിറപ്പള്ളിയിലെ എയര്‍ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാര്‍; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ; യാത്രക്കാരെ ഷാര്‍ജയിലെത്തിച്ചു
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വിമാന ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഹൈഡ്രോളിക് ഫൈലിയര്‍ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളി -ഷാര്‍ജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാര്‍ജയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാര്‍ജയിലേക്ക് കൊണ്ടുപോയത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ഇന്ധനം തീര്‍ക്കാനായി വട്ടമിട്ട് പറന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയവും സിവില്‍ എവിയേഷന്‍ മേധാവിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ AXB 613 വിമാനം രണ്ട് മണിക്കൂര്‍ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്. ഇന്ധനം തീര്‍ക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്‌നം. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ പ്രശ്‌നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഇന്ധനം തീര്‍ക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു.
വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു. സുരക്ഷിത ലാന്‍ഡിംഗിനെ വിമാനത്താവളത്തിലുള്ള മുഴുവന്‍ പേരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്