@ameen white

മലപ്പുറം: മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികൾ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്പതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്.
അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്. ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. അതിനു ശേഷം ചെറിയ ശബ്ദങ്ങളുമുണ്ടായി. നേരത്തെ ദുരന്തമുണ്ടായ കവളപ്പാറയോട് ചേർന്നുള്ള സ്ഥലമാണിത്. കൂടാതെ മുണ്ടക്കൈ ദുരന്തത്തിലെ മൃതദേഹങ്ങൾ വന്നടിഞ്ഞതും പോത്തുകല്ല് ഭാഗത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകൾക്ക് ഭീതിയുണ്ടായത്. നാളെ രാവിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.