അജ്മീർ: അമ്മ വിവാഹ അഭ്യർത്ഥന നിരസിച്ചു. 4 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35കാരൻ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയിൽ വേ സ്റ്റേഷനിൽ വച്ചാണ് 30കാരിയുടെ പക്കൽ നിന്ന് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയത്. അജ്മീറിലെ ദർഗയിൽ പ്രാർത്ഥിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.
നീം കാ താനാ ജില്ലയിലെ കോട്വാലി മേഖലിയിൽ താമസിക്കുന്ന 35കാരനാണ് 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ ആർപിഎഫും പൊലീസും ചേർന്ന് കണ്ടെത്തി അമ്മയെ ഏൽപ്പിച്ചു. രാവിലെ അജ്മീറിലെത്തി പ്രാർത്ഥിച്ച ശേഷം വൈകുന്നേരത്തെ ട്രെയിനിന് കാത്ത് നിൽക്കുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ തട്ടിയെടുത്ത് കളഞ്ഞത്.
മദ്യപിച്ച് പ്ലാറ്റ്ഫോമിലെത്തിയ ഇയാൾ യുവതിയേയും കുട്ടിയേയും കണ്ടപ്പോൾ ഇവരോട് സംസാരിക്കാൻ ശ്രമിക്കുകയും യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തുകയും ആയിരുന്നു. യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അമ്മ ചെറുപ്പത്തിലേ മരിച്ച ഇയാളുടെ പിതാവ് ഏതാനും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയിരുന്നു.
അടുത്തിടെ ഗുജറാത്തിലെ ബന്ധുവിന്റെ അടുത്തേക്ക് നാട്ടിലെ സ്ഥലം വിറ്റ് ഇയാൾ താമസം മാറിയിരുന്നു. ഇവിടെ കൊത്തുപണി ജോലിചെയ്യുകയായിരുന്നു ഇയാൾ. ജീവിതത്തിൽ ഒറ്റയ്ക്കായതിനാലാണ് കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്നാണ് ഇയാളുടെ വാദം.