കൊച്ചി: കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കാണ്മാനില്ലെന്ന് പൊലീസിൽ പരാതി നൽകി ആം ആദ്മി പാർട്ടി .'കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നിലവിൽ നവീൻ ബാബു ആത്മഹത്യാ കേസിൽ കുറ്റാരോപിത കൂടിയായ ശ്രീമതി പിപി. ദിവ്യയെ കാണാനില്ല' എന്ന് കാണിച്ചാണ് ആം ആദ്മി പാർട്ടി (AAP) കേരള സംസ്ഥാന കമ്മിറ്റി കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയത്.
'ദിവ്യ, തിരിനാവ് CRC, സമീപം, ഇരിനാവ് - 670301 എന്ന വിലാസത്തിൽ താമസിക്കുന്ന ജനപ്രതിനിധിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതൽ കാണാനില്ല' എന്ന് പരാതിയിൽ പറയുന്നു. കേസിന്റെ പൊതു പ്രാധാന്യം കണക്കിലെടുത്ത്, 2011-ലെ കേരള പൊലീസ് ആക്ട് സെക്ഷൻ 57 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. എഎപി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയദേവ് പിപി നൽകിയ പരാതി കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ട് സ്വീകരിച്ചതായും എഎപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.. പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
പിപി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ചു. സ്റ്റേഷന്‍റ മതിലിലും പോസ്റ്റര്‍ പതിച്ചു. അതേസമയം, പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രവര്‍ത്തകനെ വിട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതേസമയം, പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ കണ്ണൂര്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ മാര്‍ച്ച് നടത്തി.