@ameen white
എഡിഎം നവീന്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണുര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്.
ജാമ്യം ഉപാധികളോടെയാണ്. ആത്മഹത്യാപ്രേരണാകുറ്റം നില നില്‍ക്കില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ തന്റെ പ്രസംഗത്തില്‍ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും തെറ്റു ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നുമായിരുന്നു ദിവ്യ ജാമ്യഹര്‍ജിയില്‍ വാദിച്ചത്. വിധി ആശ്വാസകരമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചു. ഇനിയും വസ്തുതകള്‍ പുറത്തുവരാനുണ്ടെന്നും പറഞ്ഞു.
ജാമ്യം കിട്ടില്ലെന്നായിരുന്നു കരുതിയിരുന്നത്. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്നാണ് നവീന്‍ബാബുവിന്റെ ഭാര്യയുടെ പ്രതികരണം. കൂടുതല്‍ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു. പി.പി. ദിവ്യ ഇന്നുതന്നെ ജയില്‍മോചിതയാകുമെന്നാണ് കരുതുന്നത്.
ദിവ്യക്കെതിരെ പാര്‍ട്ടി കഴിഞ്ഞദിവസം നടപടി എടുത്തിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. ദിവ്യയെ ഇന്ന് രാവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു.
പാര്‍ട്ടി എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം ആണെന്നും കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും സിപിഎം സംസ്ഥാന സെരകട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ആരോപണം ഉയര്‍ന്ന് 24 മണിക്കൂറിനകം ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി. തെറ്റുപറ്റിയാല്‍ തിരുത്തി മുമ്പോട്ട് പോകുന്നതാണ് പാര്‍ട്ടിയുടെ രീതി. പി പി ദിവ്യക്ക് തെറ്റ് പറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ട് പോകും. കേഡറെ കൊല്ലാനല്ല തിരുത്താനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.