കൊച്ചി: പരാതി അന്വേഷിക്കാൻ ചെന്ന പൊലീസുകാരെ തല്ലി ഒളിവിൽ പോയ യുവാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കി മട്ടാഞ്ചേരി പൊലീസ്. കണ്ടാലറിയാവുന്ന പന്ത്രണ്ട് പേർക്ക് എതിരെയാണ് കേസെടുത്തത്. വിദേശികളോട് ചില യുവാക്കൾ മോശമായി പെരുമാറിയെന്ന് അർദ്ധരാത്രിയിലാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോളെത്തുന്നത്.
പിന്നാലെ ബസാർ റോഡിൽ കൽവത്തി പാലത്തിന് സമീപത്തേക്ക് സിപിഒ മാരായ സിബി ആർ, അരുൺ ഭാസി , അഫ്സൽ എന്നിവർ പോയി. വിവരം ചോദിച്ചറിയാൻ എത്തിയ ഇവർക്ക് നേരെ അവിടെയുണ്ടായിരുന്ന സംഘം അസഭ്യവർഷം ചൊരിഞ്ഞ് കല്ലെറിഞ്ഞു. എന്നിട്ടും ചെറുത്തുനിന്ന പൊലീസ് സംഘം കൂട്ടത്തിലൊരാളെ ജീപ്പിൽ കയറ്റി. അപ്പോഴേക്കും ഇയാളുടെ അച്ഛനും അമ്മയും സഹോദരനും ആണെന്ന് പറഞ്ഞ് ചിലരെത്തി ഇയാളെ മോചിപ്പിച്ചു.
ഇതിനിടയിൽ പൊലീസുകാരുടെ പുറത്തും തലക്കുമെല്ലാം ഇടിച്ച് പരിക്കേൽപ്പിച്ചെന്നും എഫ്ഐആർ പറയുന്നു. സിബിക്കും അരുൺ ഭാസിക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന പന്ത്രണ്ട് പേർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. എസ്ഐ മധുസൂധനനാണ് അന്വേഷണച്ചുമതല