വിവാഹ ആഘോഷത്തിനിടെ 20 ലക്ഷം രൂപ വാരിയെറിഞ്ഞ് വരന്‍റെ കുടുംബം; വീഡിയോ വൈറൽ


വിവാഹ ആഘോഷത്തിനിടെ 20 ലക്ഷം രൂപ വാരിയെറിഞ്ഞ് വരന്‍റെ കുടുംബം; വീഡിയോ വൈറൽ



'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം' എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. എന്നാല്‍, എല്ലാ നാട്ടിലും ആ പഴഞ്ചൊല്ലില്ലെന്നതിന് തെളിവാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു വീഡിയോ തെളിയിക്കുന്നത്. സംഭവം ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ ഒരു വിവാഹ ചടങ്ങായിരുന്നു. വിവാഹത്തിനായി എത്തിയ അതിഥികളുടെ മുകളിലേക്ക് വരന്‍റെ കുടുംബം എറിഞ്ഞത് 20 ലക്ഷം രൂപ. ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ജെസിബിയുടെ മുകളില്‍ കയറിയും അതിഥികളുടെ മേല്ക്ക് 100,200,500 രൂപകളുടെ നോട്ടുകള്‍ വലിച്ചെറിയുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം രൂക്ഷ വിമർശനവും. 

വീഡിയോയില്‍ ആകാശത്ത് നോട്ടുകള്‍ പാറിനടക്കുന്നതും അതിഥികള്‍ പണം ശേഖരിക്കാനായി തലങ്ങും വിലങ്ങും ഓടുന്നതും കാണാം. ഏതാണ്ട് 20 ലക്ഷം രൂപയോളം ഇത്തരത്തില്‍ അതിഥികളുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിദ്ധാർത്ഥ് നഗറിലെ ദേവൽഹാവ ഗ്രാമത്തിൽ നിന്നുള്ള അഫ്സാലിന്‍റെയും അർമാന്‍റെയും വിവാഹത്തിൽ നിന്നുള്ള രംഗങ്ങളായിരുന്നു ഇതെന്ന് സോഷ്യൽ മീഡിയയിലെ കുറിപ്പുകള്‍ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 



നാട്ടില്‍ നിരവധി പേര്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പണം എറിഞ്ഞ് കളയാന്‍ തോന്നുന്നതെന്നായിരുന്നു പലരുടെയും സംശയം. 'എന്തിനാണ് ഇങ്ങനെ പഴം പാഴാക്കുന്നത്? എന്‍റെ മകന്‍റെ ചികിത്സയ്ക്കായി വെറും 5 ലക്ഷം രൂപയ്ക്ക് വേണ്ടി ഞാന്‍ ഒരു വര്‍ഷമായി കഷ്ടപ്പെടുന്നു.' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'സാക്ഷരരെങ്കിലും വിദ്യാഭ്യാസമില്ലാത്തവര്‍' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ അഭിപ്രായം. 'ഇന്ത്യ യാചകരുടെ രാജ്യമാണ്, എന്‍റെ കുട്ടിക്കാലത്ത് ഭിക്ഷാടനത്തെക്കുറിച്ച് ഞാൻ ഒരു ലേഖനം എഴുതി, ഇപ്പോൾ ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ വളരെ സന്തുഷ്ടനാണ്," മറ്റൊരു കാഴ്ചക്കാരന്‍ ഒരു പടി കടന്ന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. "നികുതി ഒഴിവാക്കുന്നതിനുള്ള സാധാരണ മാർഗം," എന്നായിരുന്നു മറ്റൊരു കുറിപ്പ്.