അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും; ഏഴംഗബെഞ്ചില്‍ 4-3 നിലയിൽ ഭിന്നവിധി

അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും; ഏഴംഗബെഞ്ചില്‍ 4-3 നിലയിൽ ഭിന്നവിധി


അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും. ന്യൂനപക്ഷ പദവി എടുത്തുകളഞ്ഞ അലിഗഡ് മുസ്ലീം സർവകലാശാലയെക്കുറിച്ചുള്ള 1967 ലെ സുപ്രധാന വിധി റദ്ദാക്കാൻ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഏഴംഗബെഞ്ചില്‍ 4:3 നിലയിൽ ഭിന്നവിധിയാണുണ്ടായത്. അതേസമയം സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി തുടരണമോ എന്ന കാര്യത്തിൽ പുതിയൊരു ബെഞ്ച് തീരുമാനം എടുക്കും.

തൻ്റെ അവസാന പ്രവൃത്തി ദിനത്തിൽ ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് വായിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, എസ്‌സി ശർമ്മ എന്നിവരായിരുന്നു ഇന്നത്തെ ഭരണഘടനാ ബെഞ്ചിലെ മൂന്ന് വിയോജിപ്പുള്ള ജഡ്ജിമാർ, മറ്റ് മൂന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന (അടുത്ത ചീഫ് ജസ്റ്റിസ്), ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ ചീഫ് ജസ്റ്റിസി നോട് യോജിച്ചു.

സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ഇന്ന് വിധിയുണ്ടായത്. ജനുവരി 10 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേസില്‍ കോടതി വാദം കേട്ടിരുന്നു. എട്ട് തവണയായിരുന്നു കേസ് പരിഗണിച്ചത്. 2006ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

ന്യൂനപക്ഷ പദവിയില്ലെങ്കില്‍ മറ്റ് പൊതുസർവകലാശാലകള്‍ക്ക് സമാനമായി അധ്യാപകർക്കും വിദ്യാർഥികള്‍ക്കും സംവരണനയങ്ങള്‍ അലിഗഡ് സർവകലാശാലയും നടപ്പാക്കേണ്ടതായി വരും. ന്യൂനപക്ഷ പദവി ലഭിച്ചാൽ സർവകലാശലയ്ക്ക് 50 ശതമാനം സംവരണം മുസ്ലിം വിദ്യാർഥികള്‍ക്ക് നല്‍കാനാകും. നിലവില്‍ സംസ്ഥാനത്തിന്റെ സംവരണനയങ്ങളൊന്നും സർവകലാശാല പിന്തുടരുന്നില്ല. എന്നാല്‍ സർവകലാശാലയുടെ അഫിലിയേറ്റഡ് സ്കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് പകുതി സീറ്റുകളും നീക്കിവെച്ചിരിക്കുന്ന ഒരു സംവരണനയം സർവകലാശാലയ്ക്കുണ്ട്.

സർ സയ്യിദ് അഹമ്മദ് ഖാൻ്റെ നേതൃത്വത്തിലുള്ള മുസ്ലീം സമുദായത്തിലെ പ്രമുഖർ 1875ൽ മുഹമ്മദൻ ആംഗ്ലോ-ഓറിയൻ്റൽ കോളേജ് എന്ന പേരിൽ അലിഗഡ് മുസ്ലീം സർവകലാശാല സ്ഥാപിച്ചത്. 1920ൽ ഇത് ബ്രിട്ടീഷ് രാജിൻ്റെ കീഴിൽ ഒരു സർവകലാശാലയാക്കി മാറ്റി. അലിഗഡ് സർവകലാശാലയുടെ കാര്യത്തില്‍ നേരത്തെയും സുപ്രീംകോടതി വിധിപറഞ്ഞിട്ടുള്ളത്. 1967ലായിരുന്നു ഇത്. എസ് അസീസ് ബാഷ – യൂണിയൻ ഓഫ് ഇന്ത്യ കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വിധിച്ചിരുന്നു. 1920ലെ അലിഗഡ് മുസ്ലിം സർവകലാശാല നിയമം ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധി.

അലിഗഡ് സർവകലാശാല നിർമ്മിച്ചതോ ഭരിച്ചതോ മുസ്ലിം സമുദായമല്ല എന്നായിരുന്നു പരാമർശം. എന്നാല്‍ 1981ല്‍ അലിഗഡ് മുസ്ലിം സർവകലാശാല നിയമത്തിലെ ഭേദഗതിയില്‍ സർവകലാശാല നിർമ്മിച്ചത് മുസ്ലിം സമുദായമാണെന്ന് പ്രസ്താവിച്ചു. 2005ലാണ് സർവകലാശാല ന്യൂനപക്ഷ പദവി അവകാശപ്പെട്ട് 50 ശതമാനം സീറ്റുകള്‍ മുസ്ലിം വിദ്യാർഥികള്‍ക്കായി നീക്കിവെച്ചത്. പിജി മെഡിക്കല്‍ കോഴ്സിലായിരുന്നു ഇത്. എന്നാല്‍ സംവരണനയവും 1981ലെ ഭേദഗതിയും അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതോടെ വിവാദപരമായ 1981ലെ ഭേദഗതി അംഗീകരിക്കാൻ വിസമ്മതിക്കുകയും 1967ലെ സുപ്രീംകോടതിയുടെ വിധി തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സുപ്രീംകോടതിയില്‍ ഈ വിധി ചോദ്യം ചെയ്യപ്പെട്ടത്. 2019ലാണ് ഏഴംഗ ബെഞ്ചിന് കേസ് വിട്ടത്.