പശുക്കളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടയിലേക്ക് കാർ പാഞ്ഞുകയറി; 5 സ്ത്രീകൾക്ക് ദാരുണാന്ത്യം, സംഭവം ചെന്നൈയിൽ
ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പെട്ടിൽ വാഹനാപകടത്തിൽ 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചാണ് സ്ത്രീകൾ മരിച്ചത്. ലോകമ്മാൽ, വിജയ, യെശോദ, ആനന്ദമ്മാൾ, ഗൗരി എന്നിവരാണ് മരിച്ചത്. ചെന്നൈ മാമല്ലപുരത്താണ് അപകടമുണ്ടായത്. പശുക്കളുമായി സ്ത്രീകൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്നു കാർ.
സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. അതേസമയം, വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.