കണ്ണൂർ ഗവ മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി


കണ്ണൂർ ഗവ മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി


കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ജീവനക്കാരുടെ വിഷയങ്ങളില്‍ അനുകൂലമായ നിലപാട് സ്വീകരിക്കും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

മൂന്ന് ആഴ്ചക്കുള്ളില്‍ ധനവകുപ്പ് ആഗിരണപ്രക്രിയയുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീരുമാനമെടുക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. ഇടക്കാല ആശ്വാസം അനുവദിക്കുന്നത് പരിശോധിച്ച് അടിയന്തിരമായി തീരുമാനമെടുക്കും. മെഡിക്കല്‍ കോളേജിലെ കുടിശ്ശികയായി അടച്ചു തീര്‍ക്കേണ്ട തുക കണ്ടെത്തി അനുവദിക്കുന്നതിനും ധനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  2019 മാർച്ചിൽ സർക്കാർ ഏറ്റെടുത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനാണ് നീക്കം. മെഡിക്കൽ കോളേജ്, സഹകരണ മേഖലയിലായിരുന്നപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരെ ആഗിരണം ചെയ്ത് സർക്കാർ ജീവനക്കാരാക്കുന്നതിനുള്ള നടപടി ക്രമം വേഗത്തിലാക്കണമെന്ന ആവശ്യവുമായി എൻജിഒ യൂണിയൻ അടക്കമുള്ളവർ സമരം ചെയ്തിരുന്നു.

യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് , ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ധനകാര്യ വ്യയ സെക്രട്ടറി കേശവേന്ദ്ര കുമാര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജോയിന്‍റ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ.  കെ സുധീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.  വിമല്‍ റോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.