പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറിയപ്പോൾ  പ്രതികരണവുമായി സന്ദീപ് വാര്യർ. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ സുരേന്ദ്രൻ മാത്രമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ലെന്നും അതുകൊണ്ടുതന്നെ താനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. താനൊരു സാധാരണക്കാരനായ നേതാവാണെന്ന് ആവർത്തിച്ച സന്ദീപ് വാര്യർ കെ സുരേന്ദ്രൻ ബഹിരാകാശ നേതാവാണെന്നും ആരോപിച്ചു.

സന്ദീപ് വാര്യരുടെ പ്രതികരണം

സന്ദീപ് വാര്യർ ചീളുകേസാണ്, ഒന്നുമല്ലാത്തവനാണ്, ഒരു സന്ദീപ് പോയാൽ നൂറു സന്ദീപ് വരും എന്നൊക്കെയാണല്ലോ പറഞ്ഞത്. എനിക്ക് പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ്. ഈ പരാജയത്തിൻറെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ല. ഞാനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണ്. യുഡിഎഫ് പ്രവർത്തകരുടെ അധ്വാനത്തിൻറെ ഫലമാണ് ഈ വിജയം. ഞാൻ സാധാരണക്കാരനായ ഒരു നേതാവാണ്. സുരേന്ദ്രൻ ബഹിരാകാശത്തുള്ള നേതാവാണ്.