വടകരയിൽ അധ്യാപകന് ആറംഗസംഘത്തിന്റെ മർദനം; വാരിയെല്ലിനും കണ്ണിനും ഗുരുതരപരിക്ക്; സംഘത്തില്‍ വിദ്യാര്‍ത്ഥിയും
കോഴിക്കോട്: വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്. വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന് ഇന്ന് വൈകിട്ടാണ് സംഭവം. സ്ഥാപനത്തിൽ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.
വാരിയെല്ലുകൾക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ചവരിൽ ഒരാൾ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്