പാണക്കാട് തറവാട്ടിലെത്തി സന്ദീപ് വാര്യര്‍; ഊഷ്മളമായി സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍; മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്; ആ സംസ്‌കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടെന്ന് സന്ദീപ് വാര്യര്‍; വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതിന് ക്ഷമാപണവും

പാണക്കാട് തറവാട്ടിലെത്തി സന്ദീപ് വാര്യര്‍; ഊഷ്മളമായി സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍; മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്; ആ സംസ്‌കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടെന്ന് സന്ദീപ് വാര്യര്‍; വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതിന് ക്ഷമാപണവും



@ameen white






















പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് തറവാട്ടിലത്തി. കൊടപ്പനക്കല്‍ വീട്ടിലെത്തിയ അദ്ദേഹത്തെ ഊഷ്മളമായി മുസ്ലീംലീഗ് നേതാക്കള്‍ സ്വീകരിച്ചു. പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു. എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പം എത്തിയിരുന്നു.

മലപ്പുറവുമായി പൊക്കിള്‍ക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്‌കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

'ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആര്‍ക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഹൃദയവേദനയുണ്ടായിട്ടുള്ളവര്‍ക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സഹായമാകും. യൂത്ത് ലീഗിന്റെ പ്രവര്‍ത്തകര്‍ എന്നെ എത്രത്തോളം സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കല്‍ തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെയിരിക്കാന്‍ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണ്'- സന്ദീപ് വാര്യര്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകള്‍ മാറ്റി മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്‍ഡ്യാ മുന്നണിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്ത മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ലീഗ് എന്നും തളി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും പാണക്കാട്ടേക്ക് പോകുന്നത് കെപിസിസിയുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു പറഞ്ഞു. വ്യക്തി താന്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് മതനിരപേക്ഷ നിലപാടുകളാണെന്നും എന്നാല്‍ മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ സ്വീകരിച്ചതാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സന്ദീപ് വാര്യര്‍ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണമാകുമെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. 'സന്ദീപിന് പിന്നാലെ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരും. സന്ദീപിന്റെ വരവ് താന്‍ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ്. കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് പോകുന്നത്. മുന്നണിയില്‍ വരുമ്പോള്‍ ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട്. സന്ദീപ് വാര്യരുടെ വരവ് ഗുണമാകും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിജെപിക്ക് അകത്ത് നിന്ന് ചെയ്തതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്.

ബിജെപിക്ക് മുതല്‍ക്കൂട്ടായ ആളാണ് ഇന്ന് ഇന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്' സുധാകരന്‍ പറഞ്ഞുസന്ദീപ് വാര്യരുടെ വരവിനെ കെ മുരളീധരനും സ്വാഗതം ചെയ്തിരുന്നു. സന്ദീപ് കോണ്‍ഗ്രസില്‍ എത്തിയത് നല്ല കാര്യമെന്നാണ് മുരളീധരന്‍ പറഞ്ഞത്. 'രണ്ടാഴ്ച മുന്‍പ് വരാമായിരുന്നു.പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നു. രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. സ്നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എപ്പോഴും നിലനിര്‍ത്തണം. വീണ്ടും വെറുപ്പിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുത്. ഗാന്ധിവധം സംബന്ധിച്ച പരാമര്‍ശം ബിജെപിക്ക് വേണ്ടി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.

ഇനി അതിനെപ്പറ്റി ആലോചിക്കേണ്ടതില്ല' എന്നാണ് മുരളീധരന്‍ പറഞ്ഞത്.എന്നാല്‍, മുങ്ങാന്‍ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നുമായിരുന്നു മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ പ്രതികരിച്ചത്.