നിലവിലെ പാഠ്യപദ്ധതി പരിഷ്കരിക്കാതെ പാഠപുസ്തക നവീകരണം
തിരുവനന്തപുരം: ഇനി മുതൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് കാത്തുനിൽക്കാതെ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തീരുമാനം. ഇതുപ്രകാരം സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങളുടെ നവീകരണം കാലാനുസൃതമായി നടപ്പാക്കാനാകുമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതിയുടെ (എസ്.സി.ഇ.ആർ.ടി) വിലയിരുത്തൽ. നിലവിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രകാരം പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ അടുത്ത പരിഷ്കരണം വരെ ഒരേ പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 2014ൽ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചശേഷം 2024ലാണ് അടുത്ത പരിഷ്കരണം വന്നത്. എന്നാൽ ഈ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. ഇതുവഴി വിജ്ഞാന മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ പാഠപുസ്തകങ്ങളിൽ വരാൻ ഏറെ കാലതാമസമെടുക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് പാഠപുസ്തകങ്ങൾ ഒന്നടങ്കം മാറ്റുന്നതിന് പകരം ആവശ്യമായവ കൂട്ടിച്ചേർക്കുകയും അപ്രസക്തമായവ ഒഴിവാക്കിയും കാലാനുസൃതമായി നവീകരിക്കാനുള്ള നിർദേശം എസ്.സി.ഇ.ആർ.ടി മുന്നോട്ടുവെച്ചതും വിദ്യാഭ്യാസ വകുപ്പ് അത് അംഗീകരിച്ചതും.
2024ൽ മാറിയ പാഠപുസ്തകങ്ങളും വരുംവർഷങ്ങളിൽ നവീകരിക്കും. ഇതുവഴി പുതിയ വിജ്ഞാന മേഖലകൾ സമയബന്ധിതമായി തന്നെ ഉൾക്കൊള്ളിക്കാൻ കഴിയും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം 2025-26 അധ്യയന വർഷത്തിലാണ് നടപ്പാക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ ഘട്ടത്തിൽ മാറുന്നത്. ഈ പുസ്തകങ്ങളുടെ രചന നിലവിൽ പൂർത്തിയായിട്ടുണ്ട്. 210ഓളം പുതിയ പുസ്തകങ്ങളാണ് രണ്ടാംഘട്ടത്തിൽ മാറുന്നത്. കരിക്കുലം സബ്കമ്മിറ്റികളുടെ പരിശോധനക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരവും നേടി ജനുവരി പകുതിയോടെ ഈ പുസ്തകങ്ങൾ അച്ചടിക്കായി കൈമാറും.
പത്താം ക്ലാസിലെ പുസ്തകങ്ങളായിരിക്കും ആദ്യം കൈമാറുക. മാർച്ച് അവസാനത്തോടെ സ്കൂളുകളിൽ വിതരണത്തിന് എത്തിക്കാനാകുംവിധം പത്താം ക്ലാസ് പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കും. പിന്നീടുള്ള വർഷങ്ങളിൽ ഈ പുസ്തകങ്ങളിലും പരിശോധനയും വിലയിരുത്തലും നടത്തി നവീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ഒന്നാം ക്ലാസ് പുസ്തകത്തിലും നേരിയമാറ്റം വരുമെന്നും, അധ്യാപകരിൽ നിന്ന് ഫീഡ് ബാക്ക് ശേഖരിച്ച ശേഷമായിരിക്കും പുസ്തകം മെച്ചപ്പെടുത്തുകയെന്നുമാണ് റിപ്പോർട്ടുകൾ.