പി.പി ദിവ്യക്കെതിരെ സി.പി.എം നടപടി; തരംതാഴ്ത്തും, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കും


പി.പി ദിവ്യക്കെതിരെ സി.പി.എം നടപടി; തരംതാഴ്ത്തും, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കും


തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാന്‍ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാകും തീരുമാനം നടപ്പാക്കുക.

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാന്‍ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാകും തീരുമാനം നടപ്പാക്കുക.

ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്താകും. ഇനി സിപിഎം അംഗം മാത്രം ആകും ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പാര്‍ട്ടി നടപടി എന്നത് ശ്രദ്ധേയമാണ്.

അതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടാന്‍ പൊലീസ്. എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലന്‍സ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.