റിയാദ്- റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിനെ ഉമ്മ ഫാത്തിമക്ക് നേരിട്ട് കാണാനായില്ല. ജയിലിൽ എത്തിയ മാതാവ് ഫാത്തിമ വീഡിയോ കോൺഫ്രൻസ് വഴിയാണ് റഹീമിനെ കണ്ടത്. ഉമ്മയെയും സഹോദരനെയും നേരിട്ട് കാണാൻ റഹീം തയ്യാറായില്ലെന്നാണ് വിവരം. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ റഹീം നിയമസഹായ സമിതി അറിയാതെയാണ് റഹീമിന്റെ ഉമ്മയും സഹോദരനും സൗദിയിലെത്തിയത്. തന്റെ മോചനത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദർശനം നടത്തരുതെന്ന് നേരത്തെ തന്നെ റഹീം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ റഹീം നിയമസഹായ സമിതിയുമായി നേരത്തെ തന്നെ സഹകരിക്കാത്ത ചില സാമൂഹ്യ പ്രവർത്തകരാണ് റഹീമിന്റെ ഉമ്മയെയും സഹോദരനെയും സൗദിയിൽ എത്തിച്ചത്. രാവിലെ റിയാദിലെ അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ ഇരുവരും എത്തിയെങ്കിലും ഉമ്മയെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

ചില സാമൂഹ്യപ്രവർത്തകരുടെയും കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെയും അത്യാവേശം റഹീം മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റഹീം മോചനത്തിന് വേണ്ടിയുള്ള സഹായ സമിതി ആരോപിക്കുന്നത്. ഇന്ന് റിയാദ് ജയിലിൽ ഒരു ചാനൽ ലേഖകന്റെ കൂടെയാണ് കുടുംബാംഗങ്ങൾ എത്തിയത്. സെൻസിറ്റീവായ ഒരു കേസിൽ ചിലർ സ്വീകരിക്കുന്ന അവിവേകത്തോടെയുള്ള നടപടി റഹീമിന്റെ മോചനം വൈകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.