മർദ്ദിച്ചു, എവിടെയാണെന്ന് അറിയില്ല', വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് ഇറാൻ

മർദ്ദിച്ചു, എവിടെയാണെന്ന് അറിയില്ല', വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് ഇറാൻ


തെഹ്റാൻ: ഡ്രസ് കോഡിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് ഇറാൻ. അടിവസ്ത്രങ്ങളുമായി പൊതുവിടത്ത് പ്രതിഷേധിച്ച വിദ്യാർത്ഥിയെ ഉപാധികളില്ലാതെ വിട്ടയ്ക്കണമെന്നാണ് ആനെസ്റ്റി ഇന്റർ നാഷണൽ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കർശനമായ വസ്ത്ര ധാരണ നിയമങ്ങൾക്കെതിരായ പരസ്യ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥിനി പൊതുവിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തിയത്. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി അടിവസ്ത്രത്തിൽ എത്തുന്ന വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ വിദ്യാർത്ഥിനിയെ സാധാരണ വസ്ത്രങ്ങളിൽ ആളുകൾ കാറിൽ കയറ്റുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 

ഇറാനിലെ ഡ്രസ് കോഡ് അനുസരിച്ച് സ്ത്രീകൾ അയഞ്ഞ വസ്ത്രങ്ങളോടെയും തല മറച്ചുമാണ് പൊതുവിടങ്ങളിലെത്താൻ അനുവാദമുള്ളത്. വിദ്യാർത്ഥി സംഘടനയായ അമീർ കബീർ പുറത്ത് വിട്ട ന്യൂസ് ലെറ്റർ അനുസരിച്ച്  തലമറയ്ക്കാത്തതിന് വിദ്യാർത്ഥിനിയെ ഒരു ബാസിജ് അംഗം അപമാനിച്ചിരുന്നു. അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ പൊലീസ് മർദ്ദിച്ചതായും എവിടെയാണ് വിദ്യാർത്ഥിനി ഉള്ളതെന്നുമുള്ള വിവരം ഇല്ലെന്നുമാണ് അമീർ കബീർ വിശദമാക്കുന്നത്. സംഭവത്തിൽ സ്വതന്ത്രമായതും പക്ഷം പിടിക്കാത്തതുമായ അന്വേഷണം വേണമെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടിരിക്കുന്നത്. തെഹ്റാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയാണ് പൊതുവിടത്തിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്.