ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ.

ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.

നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്. 2024 ല്‍ സഹോദരന്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമാണ് പ്രിയങ്ക. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുലിന്‍റേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു