ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍സഫലം പഠന പരിപോഷണ പരിപാടി

ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
സഫലം പഠന പരിപോഷണ പരിപാടി





























ഇരിട്ടി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആദിവാസി തോട്ടം തീരദേശ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക  പഠന പരിപോഷണ പരിപാടി 'സഫലം' ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അക്കാദമികവും ഭൗതികവുമായ പരിമിതികള്‍ക്ക് പരിഹാരം കണ്ടെത്താനും ഓരോ കുട്ടിയുടെയും കഴിവുകളും താല്പര്യങ്ങളും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുവാനും ജീവിത നൈപുണി വികസിപ്പിക്കാനും കരുത്ത് നല്‍കാനും രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നല്‍കാനും വേണ്ടിയുള്ള പദ്ധതിയാണിത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, ശില്പശാലകള്‍, സഹവാസ ക്യാംപുകള്‍, പഠന വിജ്ഞാന യാത്രകള്‍, രക്ഷാകര്‍തൃ ബോധനം തുടങ്ങിയ വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രക്ഷാധികാരിയായിട്ടുള്ള സ്‌കൂള്‍തല പദ്ധതി നിര്‍വഹണ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സഫലം പദ്ധതി ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്  ഉദ്ഘാടനം ചെയ്തു.  അംഗം മിനി ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ശകുന്തള, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍, ഇരിട്ടി ബിപിസി ടി.എം. തുളസീധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്തി. എച്ച്എം ഇന്‍ ചാര്‍ജ് ഒ.പി. സോജന്‍ പദ്ധതി വിശദീകരിച്ചു. പദ്ധതി കോഡിനേറ്റര്‍ സി.എ. അബ്ദുല്‍ ഗഫൂര്‍, പ്രിന്‍സിപ്പല്‍ വിനയരാജ്, പിടിഎ പ്രസിഡന്റ് കോട്ടി കൃഷ്ണന്‍, മദര്‍ പിടിഎ പ്രസിഡന്റ് സി.എന്‍. ശ്രീജ, കെ.സല്‍ഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.