കോവിഡ്‌ രോഗം അര്‍ബുദത്തെ പ്രതിരോധിക്കുമെന്ന്‌ പഠനം, ശ്വേത രക്‌താണുക്കളെ കൂടുതല്‍ സജീവമാക്കാന്‍ കോവിഡ്‌ വൈറസിന്‌ സാധിക്കും

കോവിഡ്‌ രോഗം അര്‍ബുദത്തെ പ്രതിരോധിക്കുമെന്ന്‌ പഠനം, ശ്വേത രക്‌താണുക്കളെ കൂടുതല്‍ സജീവമാക്കാന്‍ കോവിഡ്‌ വൈറസിന്‌ സാധിക്കും


മനുഷ്യരക്‌തത്തിലുള്ള ശ്വേതാണുക്കളില്‍നിന്ന്‌ ഇത്തരം കോശങ്ങള്‍ കൃത്രിമമായി ഉല്‍പാദിപ്പിച്ച്‌ അര്‍ബുദരോഗബാധയുള്ള മനുഷ്യരിലും ഫലപ്രദമാകുയോയെന്നു കണ്ടെത്തുകയാണ്‌ അടുത്ത കടമ്പ.

കൊച്ചി: കോവിഡ്‌ 19 രോഗബാധയും അര്‍ബുദ രോഗബാധ അകറ്റുന്നതും തമ്മില്‍ ബന്ധമുള്ളതായി പുതിയ പഠന റിപ്പോര്‍ട്ട്‌. അര്‍ബുദം പ്രതിരോധിക്കുന്നതിന്‌ രക്‌തത്തിലെ ശ്വേത രക്‌താണുക്കളെ കൂടുതല്‍ സജീവമാക്കാന്‍ കോവിഡ്‌ വൈറസിന്‌ സാധിക്കുന്നുണ്ടെന്നാണു വൈദ്യശാസ്‌ത്ര രംഗത്തെ വിപ്ലവകരമായ കണ്ടെത്തല്‍. ഷിക്കാഗോയിലെ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയാണ്‌ പുതിയ ഗവേഷണ വിവരം പുറത്തുവിട്ടത്‌.

കടുത്ത കൊറോണ വൈറസ്‌ ബാധയെത്തുടര്‍ന്ന്‌ അര്‍ബുദരോഗ പ്രതിരോധശേഷിയുള്ള ശ്വേതാണുക്കള്‍ രൂപപ്പെട്ടുവെന്നാണ്‌ എലികളില്‍ നടത്തിയ പഠനം പറയുന്നതെന്ന്‌ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണവിഭാഗം ചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു.
അര്‍ബുദത്തിന്റെ വ്യാപനവേഗം കുറയ്‌ക്കാന്‍ സ്‌പെഷല്‍ ടൈപ്പ്‌ ശ്വേത രക്‌താണുക്കളായ ഇന്‍ഡ്യൂസ്‌ഡ് നോണ്‍ ക്‌ളാസിക്കല്‍ മോണോസൈറ്റ്‌സ്(ഐ-എന്‍.സി.എം) രൂപംകൊള്ളുന്നതാണ്‌ ഇതിനു കാരണം.

ഒരിക്കല്‍ ഇവ രൂപംകൊണ്ടാല്‍ രക്‌തക്കുഴലുകളില്‍നിന്ന്‌ പുറത്തുകടന്ന്‌ അര്‍ബുദകോശങ്ങളെ ആക്രമിച്ച്‌ കീഴടക്കും. രക്‌തത്തിലെ മോണോസെറ്റില്‍നിന്നാണ്‌ ഐ-എന്‍.സി.എം. രൂപമെടുക്കുന്നത്‌. വൈറസ്‌ രോഗബാധ മൂലം കുറഞ്ഞയളവില്‍ മോണോസൈറ്റുകളില്‍ രൂപമാറ്റം സംഭവിച്ച്‌ ഐ-എന്‍.സി.എം. ആയി മാറുകയാണ്‌ ചെയ്യുന്നത്‌. ഐ-എന്‍.സി.എമ്മിന്‌ ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന ഘടകങ്ങളുമുണ്ടെന്നത്‌ എടുത്തുപറയേണ്ട സവിശേഷതയാണ്‌. എന്നാല്‍, കോവിഡ്‌ ബാധിച്ചവരില്‍ അര്‍ബുദം ഭേദമാകുന്നെന്ന്‌ ഇതിന്‌ അര്‍ത്ഥമില്ല.

മനുഷ്യരക്‌തത്തിലുള്ള ശ്വേതാണുക്കളില്‍നിന്ന്‌ ഇത്തരം കോശങ്ങള്‍ കൃത്രിമമായി ഉല്‍പാദിപ്പിച്ച്‌ അര്‍ബുദരോഗബാധയുള്ള മനുഷ്യരിലും ഫലപ്രദമാകുയോയെന്നു കണ്ടെത്തുകയാണ്‌ അടുത്ത കടമ്പ. അര്‍ബുദത്തിനെതിരായ ആവനാഴിയില്‍ ഒരായുധമാകാന്‍ സാധ്യതയുള്ള പുതിയ കണ്ടുപിടിത്തം ശാസ്‌ത്രലോകത്തിന്‌ പ്രത്യാശ നല്‍കുന്നതായി ഡോ. രാജീവ്‌ ജയദേവന്‍ ചൂണ്ടിക്കാട്ടി.