തിരുവനന്തപുരം: ചില ആളുകളെ മാറ്റിനിര്‍ത്തുന്ന രീതി പാര്‍ട്ടിയില്‍ ഉണ്ടെന്നും പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ചുമതലയും നല്‍കിയില്ലെന്നും തന്നെ ഒഴിവാക്കിയതിലുമുള്ള അതൃപ്തി പരസ്യമായി ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. പാലക്കാട്ടെ സീറ്റ് അഭിമാനപ്രശ്‌നമാക്കി ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചപ്പോള്‍ അസാന്നിദ്ധ്യം കൊണ്ടായിരുന്നു ചാണ്ടി ഉമ്മന്‍ ശ്രദ്ധേയമായത്.
മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും എന്നാല്‍ തന്നെമാത്രം ഒഴിവാക്കിയെന്നും അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്നും ചാണ്ടിഉമ്മന്‍ വ്യക്തമാക്കി. ഇതിനൊപ്പം കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ പുനസംഘടിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പും ചാണ്ടി ഉമ്മന്‍ പങ്കുവെച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയത്. അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും പറഞ്ഞു.
നേരത്തേ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരത്തിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തിയപ്പോഴും പിന്നീട് പാലക്കാട് ചൂടുപിടിച്ച പ്രചരണത്തില്‍ കോണ്‍ഗ്രസ് ആദ്യം ഏര്‍പ്പെട്ടപ്പോഴും ചാണ്ടിഉമ്മന്‍ എത്തിയിരുന്നില്ല. ഇതൊരു വലിയ ചര്‍ച്ചയായി മാറിയതോടെ ദേശീയനേതാവ് കെ.സി.വേണുഗോപാല്‍ ഇടപെട്ട് ചാണ്ടി ഉമ്മനെ പാലക്കാട് എത്തിക്കുകയായിരുന്നു. കെപിസിസി അദ്ധ്യക്ഷ സ്ഥാനം മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ മുറുമുറുപ്പ് ഉയരുമ്പോഴാണ് സുധാകരന് ചാണ്ടി ഉമ്മന്റെ പിന്തുണ കിട്ടിയത്. നേരത്തേ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറല്ലെന്ന് കെ.സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.