ഒമ്പത് മിനിറ്റ് കൊണ്ട് ബത്ഹയിലെത്തും; ഓടിത്തുടങ്ങി റിയാദ് മെട്രോ സർവീസ്, ആദ്യ ഘട്ടത്തിൽ മൂന്ന് ലൈനുകൾ


ഒമ്പത് മിനിറ്റ് കൊണ്ട് ബത്ഹയിലെത്തും; ഓടിത്തുടങ്ങി റിയാദ് മെട്രോ സർവീസ്, ആദ്യ ഘട്ടത്തിൽ മൂന്ന് ലൈനുകൾ


റിയാദ്: സൗദി തലസ്ഥാന നഗരത്തിന്‍റെ പൊതുഗതാത സംവിധാനം സജീവമാക്കി റിയാദ് മെട്രോ സർവിസിന് തുടക്കം. ആദ്യ ഘട്ടത്തിൽ മൂന്ന് ലൈനുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങി. വര്‍ഷങ്ങളായി തലസ്ഥാന നഗരവാസികൾ കാത്തിരുന്നതാണ് റിയാദ് മെട്രോ. ഞായറാഴ്ച അതിരാവിലെ പ്ലാറ്റ്‌ഫോമുകള്‍ തുറന്നതായി റിയാദ് സിറ്റി റോയല്‍ കമീഷൻ അറിയിച്ചു. ആറു പാതകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ന് സര്‍വീസ് ആരംഭിച്ചത്. അതേസമയം മെട്രോ യാത്ര അനുഭവിച്ചറിയാന്‍ പലരും ഇന്ന് വിവിധ സ്റ്റേഷനുകളില്‍ നിന്ന് യാത്ര നടത്തുകയാണ്. ഉലയ്യയയില്‍ നിന്ന് ബത്ഹ വരെയെത്താന്‍ ഒമ്പത് മിനുട്ട് മാത്രമാണ് എടുക്കുന്നത്. എന്നാല്‍ രാവിലെ ബത്ഹ സ്റ്റേഷന്‍ തുറന്നില്ല. പകരം മന്‍ഫൂഹ സ്റ്റേഷനാണ് തുറന്നിട്ടുള്ളത്. ഇത് ദാറുല്‍ ബൈദ വരെ നീളും.

അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ സ്‌റ്റേഷനും ഒരുക്കിയിരിക്കുന്നത്. ഇവിടെ യാത്രക്കാരെ സ്വീകരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ തയ്യാറാക്കിയിട്ടുണ്ട്. കാര്‍ഡ് സൈ്വപ് ചെയ്ത് മെട്രോയില്‍ കയറാം. സ്‌റ്റേഷനുകളുടെ പേരുകള്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെടും. കുറഞ്ഞ സമയാണ് സ്റ്റേഷനില്‍ നിര്‍ത്തുന്നത്. യാത്രയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന തിരക്കിലാണ് യാത്രക്കാര്‍.

ഒലയ്യ ബത്ഹ റൂട്ടിലെ ബ്ലൂ മെട്രോ, എയര്‍പോര്‍ട്ട് റോഡിലെ യെല്ലോ മെട്രോ, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റൂട്ടിലെ പര്‍പ്പിള്‍ മെട്രോ എന്നിവയാണ് ഇന്ന് രാവിലെ മുതല്‍ സര്‍വീസ് തുടങ്ങിയത്. ബുധനാഴ്ച രാത്രി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് മെട്രോ ഉദ്ഘാടനം ചെയ്തത്. റെഡ്, ഗ്രീന്‍, ഓറഞ്ച് മെട്രോകള്‍ ഡിസംബര്‍ 15നാണ് സര്‍വീസ് നടത്തുക.

ഇന്റീരിയര്‍ മിനിസ്ട്രി, അല്‍ഹുകും പാലസ്, അല്‍ഇന്‍മ, അല്‍മുറൂജ്, അല്‍മുറബ്ബ, അല്‍വുറൂദ് 2, ബിലാദ് ബാങ്ക്, കിംഗ് ഫഹദ് സ്ട്രീറ്റ്, കിംഗ് ഫഹദ് ലൈബ്രറി, അല്‍ബത്ഹ, അസീസിയ എന്നിവയാണ് ബ്ലു മെട്രോക്കുള്ളത്. ടിക്കറ്റുകള്‍ ദര്‍ബ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ കൗണ്ടര്‍ വഴിയോ എടുക്കാം.