
ദില്ലി: അംബേദ്കർ വിവാദം പാർലമെന്റിനകത്തും പുറത്തും ആളിക്കത്തിക്കാൻ കോൺഗ്രസ്. ചർച്ചയാവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നൽകി. രാഹുൽ ഗാന്ധിക്കെതിരായ കേസ് നിയമപരമായി നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനം. പ്രതിഷേധത്തിന് ബിജെപിയും തയ്യാറെടുക്കുന്നതോടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസവും പ്രക്ഷുബ്ധമായി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
അമിത് ഷായുടെ അംബേദ്കർ പരാമർശത്തിലും ഇന്നലത്തെ പാർലമെന്റ് സംഘർഷത്തിലും ദില്ലിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. വിജയ് ചൗക്കില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഒരുമിച്ച് ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 'ഐ ആം അംബേദ്കര്‍' എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് ഇന്ത്യ മുന്നണി എംപിമാർ മാര്‍ച്ച് നടത്തിയത്. ഇടതുപക്ഷ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുക്കെടുത്തു. രാഹുൽ ഗാന്ധിക്കെതിരെ കേസ് കണ്ട് കോൺഗ്രസ് ഭയപ്പെടില്ലെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോ പ്രതികരിച്ചു.