'നടപടി വേണ്ടെന്ന് വെച്ചത് യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ'; സ്മാർട്ട് സിറ്റി വിവാദത്തിൽ വിശദീകരണവുമായി സർക്കാർ
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാരിൻറെ വിശദീകരണം. യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആർബിട്രെഷൻ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് പറയുന്നു. ഒറ്റയടിക്ക് ഒഴിവാക്കിയാൽ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം വരും എന്നതും പരിഗണിച്ചെന്നാണ് സർക്കാർ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നൽകാനാണ് നീക്കം. അതേസമയം, കരാർ വ്യവസ്ഥയിൽ ഇല്ലാതെ ടീ കോമിന് നഷ്ട പരിഹാരം നൽകാനുള്ള നീക്കത്തിൽ അഴിമതി ആരോപണം തുടരാനാണ് പ്രതിപക്ഷ തീരുമാനം