അന്ത്യചുംബനം നൽകാൻ ഉപ്പ പറന്നെത്തി;പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുൽ ജബ്ബാറിനെ കാണാൻ കണ്ണൂരിലെ വീട്ടിൽ ജനസാ​ഗരം


അന്ത്യചുംബനം നൽകാൻ ഉപ്പ പറന്നെത്തി;പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുൽ ജബ്ബാറിനെ കാണാൻ കണ്ണൂരിലെ വീട്ടിൽ ജനസാ​ഗരം

@noorul ameen 

‌കണ്ണൂർ: ആലപ്പുഴ കളർക്കോട് വാഹനാപകടത്തിൽ മരിച്ച കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. നാട്ടുകാരും ബന്ധുക്കളും കൂടെ പഠിച്ചവരുമായി വൻ ജനാവലിയാണ് വീട്ടിൽ എത്തിയിരിക്കുന്നത്. സൗദിയിലായിരുന്ന ഉപ്പ മകനെ അവസാനമായി കാണാൻ വീട്ടിൽ എത്തി. പിതാവ് എത്തിയതിന് തൊട്ടുപിന്നാലെയാണ് അബ്ദുൽ ജബ്ബാറിൻ്റെ മൃതദേഹവും വീട്ടിലേക്കെത്തിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുൽ ജബ്ബാർ കോച്ചിം​ഗ് ക്ലാസുകളിലൊന്നും പോകാതെയാണ് മെഡിക്കൽ സീറ്റ് നേടിയത്. വീട്ടിൽ അരമണിക്കൂർ നേരം കുടുംബാം​ഗങ്ങൾക്കും നാട്ടുകാർക്കും കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിന് ശേഷം മാട്ടൂൽ വേദാമ്പർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ സംസ്കാരം നടക്കും. 

ആറാം ക്ലാസ് വരെ സൗദിയിലാണ് ജബ്ബാർ പഠിച്ചത്. പിന്നീട് ഹൈസ്കൂൾ-ഹയർ സെക്കൻ്ററി വി​ദ്യാഭ്യാസം സമീപത്തുള്ള സ്കൂളിലായിരുന്നു. രണ്ടുമാസം മുമ്പാണ് പുതിയവീട്ടിലേക്ക് താമസം മാറിയത്. വീടുമാറുന്ന ചടങ്ങിന് സുഹൃത്തുക്കളും സഹപാഠികളുമുൾപ്പെടെ കണ്ണൂരിലെത്തിയിരുന്നു. വൈകാരികമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. അതേസമയം, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ എറണാകുളം ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് നടന്നു. ലക്ഷദ്വീപിൽ നിന്ന് മാതാപിതാക്കളും കുടുംബക്കാരും എറണാകുളത്ത് എത്തിയിരുന്നു. കൂടാതെ പാലക്കാട് സ്വദേശിയായ ശ്രീദിപ് വത്സൻ്റെ മൃതദേഹം വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ശേഖരീപുരം ശ്രീവിഹാർ വീട്ടിൽ മൃതദേഹം എത്തിച്ചത്. ഏക മകനെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മയും അച്ഛനും എത്തിയപ്പോൾ കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. സഹപാഠികളും ശ്രീദിപുമായി അടുത്ത ബന്ധമുള്ളവരും ഉൾപ്പെടെ അന്തിമോപചാരമർപ്പിക്കാനെത്തിയവരെല്ലാം വിങ്ങിപ്പൊട്ടി. 

20 വയസ് വരെ വീടുമായി ഇടപഴകിയിരുന്ന ശ്രീദിപ് ആദ്യമായാണ് വീട് വിട്ട് ഹോസ്റ്റലിൽ എത്തിയത്. ഇന്നലെ രാത്രിയായിരുന്നു വീട്ടിലേക്കുള്ള അവസാന കോൾ. സംസ്ഥാന ഹർഡിൽസ് താരം കൂടിയായ ശ്രീദിപ് രണ്ടാം ശ്രമത്തിലാണ് മെറിറ്റിൽ വണ്ടാനം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. അരമണിക്കൂർ നീണ്ട വീട്ടിലെ പൊതുദർശനത്തിൽ ജനപ്രതിനിധികൾ, അധ്യാപകർ, സഹപാഠികൾ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനു പേർ അന്തിമോപചാരം അ൪പ്പിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ചന്ദ്രനഗറിലെ വൈദ്യുത ശ്മാശനത്തിൽ മൃതദേഹമെത്തിച്ചു. സംസ്‌കാര ചടങ്ങുകൾ ചന്ദ്രനഗർ ശ്‌മശാനത്തിൽ പൂർത്തിയായി.

ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. 

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.