അയ്യൻകുന്നിൽ മുടിക്കയത്ത് വീണ്ടും കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഒരാഴ്ച്ചക്കിടയിൽ രണ്ടാം തവണയാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശം വരുത്തുന്നത്. മാതുപ്ലാക്കൽ ജോസ്, വട്ടക്കുന്നേൽ മാത്യു എന്നിവരുടെ അരയേക്കറോളം വരുന്ന കൃഷിയിടത്തിലെ തെങ്ങുകൾ, കമുകുകൾ, വാഴകൾ എന്നിവ ആനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. രണ്ട് ദിവസം മുൻമ്പ് മുണ്ടനശേരി ബാബുവിന്റെ തോട്ടത്തിൽ ഇറങ്ങിയ ആനക്കൂട്ടം റബർമരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു.
കച്ചേരിക്കടവ്, മുടിക്കയം ഭാഗങ്ങളിൽ കർണ്ണാടക വനത്തിൽ നിന്ന് പുഴ കടന്നാണ് നേരത്തെ ആനക്കൂട്ടം എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കേരളാ വനമേഖലയിൽ നിന്നാണ് ആനകൾ കൂട്ടമായി അയ്യൻകുന്ന് പഞ്ചായത്തിലെ മലയോര മേഖലയിലേക്ക് എത്തുന്നത്. ആറളം ഫാമിൽ നിന്നും തുരത്തുന്ന ആനകളെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടത്തി വിടുന്നതിന് പകരം അയ്യൻകുന്ന് പഞ്ചായത്തിന്റെ വനാതിർത്തി ഭാഗങ്ങിളിലേക്ക് എത്തുന്നതാണ് ശല്യം രൂക്ഷമാകാൻ കാരണം. പാലത്തുംകടവ്, പൊട്ടിച്ചപാറ, പാറയ്ക്കാമല എന്നിവിടങ്ങളിലൂടെയാണ് മുടിക്കയത്തേക്കുള്ള ആനയുടെ വരവ്.
ആറളം ഫാമിൽ ആനമതിൽ പൂർത്തിയാകുന്നതോടെ ഈ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ആനകൾ അയ്യൻകുന്നിലെ ജനവാസ മേഖലയിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്. കർണ്ണാടകത്തിൽ നിന്നുള്ള ആനകൾ ബാരാപോൾ പുഴ കടന്ന് കച്ചേരിക്കടവ്, പാലത്തുംകടവ് ഭാഗങ്ങളിൽ ഉണ്ടാക്കുന്ന നാശനഷ്ടം തടയാൻ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വളവുപാറമുതൽ പാലത്തുംകടവ് വരെയുള്ള പുഴയോര ഭാഗങ്ങളിൽ തൂക്കു വേലിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകളെ ചെറുക്കുന്നതിനായി പൊട്ടിച്ചപാറമുതൽ കരിവരേയും, കരിമുതൽ പാറയ്ക്കാമല വരെയുമുള്ള സൗരോർജ്ജ തൂക്ക് വേലിയുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. നാലു കിലോമീറ്റർ വേലിയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം ഗ്രാമ പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തേട്ടത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.