
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രി ജി ആര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
920 പോയിന്റുകളോടെ തൃശൂര്‍ ആണ് ഒന്നാമത്. 918 പോയിന്റുകളോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 916 പോയിന്റുകളോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നിലവില്‍.
സമായപന സമ്മേളനത്തിൽ സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായർ, പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയവരെ ആദരിക്കും.
കലോൽസവത്തിൻ്റെ സമാപന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ-എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.