മതഭ്രാന്തിന്‍റെ വെടിയുണ്ടകളാല്‍ രക്തസാക്ഷിയാകേണ്ടി വന്ന മഹാത്മാവ്; രാഷ്‌ട്രപിതാവിന്‍റെ സ്‌മരണയില്‍ രാജ്യം


മതഭ്രാന്തിന്‍റെ വെടിയുണ്ടകളാല്‍ രക്തസാക്ഷിയാകേണ്ടി വന്ന മഹാത്മാവ്; രാഷ്‌ട്രപിതാവിന്‍റെ സ്‌മരണയില്‍ രാജ്യം 




200 വർഷത്തിലേറെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർക്കെതിരെ അഹിംസാ മാർഗങ്ങളിലൂടെ പോരാട്ടം നയിച്ചത് അദ്ദേഹമായിരുന്നു















































ന്ന് (ജനുവരി 30) രാജ്യം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനം ആചരിക്കുന്നു. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948ലാണ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി നിർണായക പങ്കുവഹിച്ചിരുന്നു. 200 വർഷത്തിലേറെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർക്കെതിരെ അഹിംസാ മാർഗങ്ങളിലൂടെ പോരാട്ടം നയിച്ചത് അദ്ദേഹമായിരുന്നു.

അദ്ദേഹം ബാപ്പു എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി വാദിക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനിച്ച ചിന്താഗതിക്കാരിൽ ഒരാളായിരുന്നു മഹാത്മാഗാന്ധി. ഗാന്ധിയുടെ ചരമവാർഷികത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും മറ്റ് സംഘടനകളും മഹാത്മാഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ മതേതര ആശയത്തെ കുറിച്ചും വരും തലമുറകളെ ബോധവത്കരിക്കുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർഥനയും നടക്കും. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഗാന്ധിജി എങ്ങനെ കൊല്ലപ്പെടുന്നത്?

1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്. ഡൽഹിയിലെ ബിർല ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ ഗാന്ധി നടന്നുപോകുന്നതിനെടാണ് ഹിന്ദുത്വ വാദിയും ഹിന്ദുമഹാസഭ-രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്‌എസ്) എന്നിവയിലെ അംഗവുമായിരുന്ന നാഥുറാം ഗോഡ്സെ വെടിവച്ച് കൊന്നത്.

അന്ന് പ്രാര്‍ഥനയ്‌ക്ക് എത്തിയതായിരുന്നു ഗാന്ധിജി. സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരായ മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർഥനയ്ക്കായി പുറപ്പെട്ടു. പ്രാർഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകാൻ ഗാന്ധിജി തീരുമാനിച്ചു.

ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന നാഥുറാം വിനായക് ഗോഡ്സെ, ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു "നമസ്‌തേ ഗാന്ധിജി". ഗാന്ധിജിയുടെ പാദം ചുംബിക്കാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. "ഹേ റാം, ഹേ റാം" എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു