പരിചയമില്ലാത്ത സ്ഥലം, ആഴവും കൂടുതൽ', മകനും ബന്ധുവിനുമൊപ്പം മീന്‍ പിടിക്കാനെത്തിയ 50കാരന്‍ മുങ്ങിമരിച്ചു


'പരിചയമില്ലാത്ത സ്ഥലം, ആഴവും കൂടുതൽ', മകനും ബന്ധുവിനുമൊപ്പം മീന്‍ പിടിക്കാനെത്തിയ 50കാരന്‍ മുങ്ങിമരിച്ചു


കോഴിക്കോട്: മകനും ബന്ധുവിനുമൊപ്പം മീന്‍പിടിക്കാനെത്തിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കല്‍ മുരുകന്‍(50) ആണ് മരിച്ചത്. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്ത വച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. മകനും ബന്ധുവിനുമൊപ്പം വല വീശി മീന്‍ പിടിക്കാനെത്തിയതായിരുന്നു മുരുകന്‍. 


ആഴമേറിയ പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുരുകനും കുടുംബവും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പുഴയില്‍ ഇറങ്ങി മുരുകന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.