അമേരിക്ക നാടുകടത്തിയവരിൽ 6 വർഷമായി താമസിക്കുന്ന ഇന്ത്യൻ കുടുംബവും; ഭൂരിഭാഗവും കഴിഞ്ഞ 2 മാസത്തിൽ കുടിയേറിയവർ


അമേരിക്ക നാടുകടത്തിയവരിൽ 6 വർഷമായി താമസിക്കുന്ന ഇന്ത്യൻ കുടുംബവും; ഭൂരിഭാഗവും കഴിഞ്ഞ 2 മാസത്തിൽ കുടിയേറിയവർ


ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് വരില്ല. നാടുകടത്തുന്നവരെ കൊണ്ടു വരുന്ന കൂടുതൽ വിമാനങ്ങൾ ഉടൻ അനുവദിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന ചർച്ച വരെ കൂടുതൽ നടപടിയുണ്ടാകില്ല. എന്നാൽ യുഎസിൻ്റെ സൈനിക വിമാനങ്ങൾ തടയുമോ എന്നതിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാടെടുത്തില്ല.

കഴിഞ്ഞ ദിവസം സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്നെത്തിച്ച ഇന്ത്യാക്കാരുടെ സംഘത്തിൽ ആറു വർഷമായി അവിടെ തങ്ങുന്ന കുടുംബവും ഉൾപ്പെട്ടതായി വിവരമുണ്ട്. തിരിച്ചെത്തിയ ഭൂരിപക്ഷം പേരും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ യുഎസിൽ കടക്കാൻ നോക്കിയവരാണ്. 13 രാജ്യങ്ങൾ കടന്നാണ് യുഎസ് അതിർത്തിയിൽ എത്തിതെന്ന് നാടുകടത്തിയ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ വിലങ്ങുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച് കൂടുതൽ സ്ത്രീകളും രംഗത്ത് വന്നു.