കളമശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചതായി കണ്ടെത്തല്‍

കളമശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചതായി കണ്ടെത്തല്‍



കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡോമാനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു എന്ന് പോലീസിന്റെ കണ്ടെത്തല്‍. ചിത്രങ്ങള്‍ അടക്കം അയച്ചു നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ തുടരന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് കഴിഞ്ഞദിവസമാണ് അനുമതി നല്‍കിയത്. മാര്‍ട്ടിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇതിന് കാരണം. സ്ഫോടനത്തിനു മുമ്പ് ബോംബ് നിര്‍മ്മാണത്തിന്റെ രീതി ദുബായിലുള്ള ഒരു നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തു നല്‍കിയിരുന്നു. ചിത്രങ്ങള്‍ സഹിതം അയച്ചെന്നാണ് കണ്ടെത്തല്‍.

പത്തുവര്‍ഷത്തോളം ഡൊമിനിക് മാര്‍ട്ടിന്‍ ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. സുഹൃത്തിന്റെ നമ്പര്‍ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ നമ്പറിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. ഈ നമ്പറിന്റെ ഉടമക്ക് സ്ഫോടനം ആയി ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും.