
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസ്. കെഎഫ്സി യുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേരള സര്‍ക്കാരിന്‍റെ ലോഗോ പ്രൊഫൈൽ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈൻ സര്‍വീസ് എന്ന എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈൻ വായ്പാ തട്ടിപ്പ്.
ഇതിലുണ്ടായിരുന്ന ഫോണ്‍ നമ്പറിൽ വിളിച്ചവരോട് പലിശ രഹിത വായ്പ അനുവദിക്കുന്നതിന് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടെന്നാണ് കെഎഫ്സിക്ക് കിട്ടിയ വിവരം. ഫോണ്‍ നമ്പറിന്‍റെ ലൊക്കേഷൻ പഞ്ചാബിലെ ലുധിയാനയാണെന്ന് കണ്ടെത്തി. പോസ്റ്റിന്‍റെ വിവരങ്ങള്‍ തേടി മെറ്റയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനുട്ടിനുള്ളിൽ അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. പേജിലിട്ടിരുന്ന വീഡിയോയിൽ കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ ലോഗോയും ഉപയോഗിച്ചിരുന്നു.