മുന്‍ മൂഖ്യമന്ത്രിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചയാള്‍ കുത്തേറ്റ് മരിച്ചു ; തെലുങ്കാനയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു


മുന്‍ മൂഖ്യമന്ത്രിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചയാള്‍ കുത്തേറ്റ് മരിച്ചു ; തെലുങ്കാനയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു


ഹൈദരാബാദ്: മുന്‍ മുഖ്യമന്ത്രി കെസിആറിനെതിരേ അഴിമതിയാരോപണം നടത്തിയയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെലുങ്കാനയില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. എന്‍ രാജലിംഗമൂര്‍ത്തി (50) ബുധനാഴ്ച വൈകുന്നേരം ജയശങ്കര്‍ ഭൂപാലപ്പള്ളി ടൗണില്‍ ബൈക്കില്‍ പോകുമ്പോള്‍ ചില ഭൂമി തര്‍ക്കത്തിന്റെ പേരില്‍ അജ്ഞാതരുടെ കുത്തേറ്റു മരിച്ചതായിട്ടാണ് പോലീസ് റിപ്പോര്‍ട്ട്.

കാളേശ്വരം ജലസേചന പദ്ധതിയില്‍ അഴിമതി ആരോപിച്ച് മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ ആളാണ് രാജലിംഗമൂര്‍ത്തി. എന്നാല്‍, ആരോപണങ്ങള്‍ ബിആര്‍എസ് തള്ളിക്കളഞ്ഞു. 10 വര്‍ഷത്തെ ഭരണത്തില്‍ ബിആര്‍എസ് കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് തെലങ്കാന റോഡ്, ബില്‍ഡിംഗ്‌സ് മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി പത്രസമ്മേളനത്തില്‍ ആരോപിച്ചു. എന്‍ രാജലിംഗമൂര്‍ത്തിയുടെ കൊലപാതകത്തെ അപലപിച്ച മന്ത്രി, കാലേശ്വരം പദ്ധതിയിലെ ബിആര്‍എസ് കൊള്ളയെ ചോദ്യം ചെയ്തതിനാണ് ഇരയെ കൊലപ്പെടുത്തിയതെന്ന ഗുരുതരമായ ആരോപണം നടത്തുകയും ചെയ്തിരിക്കുകയാണ്.

കൊലപാതകത്തിന് പിന്നില്‍ മുന്‍ എംഎല്‍എ ഗന്ദ്ര വെങ്കിട്ടരമണ റെഡ്ഡി ഉള്‍പ്പെടെയുള്ള ബിആര്‍എസ് നേതാക്കളാണെന്നാണ് രാജലിംഗമൂര്‍ത്തിയുടെ കുടുംബത്തിന്റെ ആക്ഷേപം. എന്നാല്‍ വസ്തുതകള്‍ അറിയാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് വെങ്കട്ട് റെഡ്ഡിയുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് വെങ്കിട്ടരമണ റെഡ്ഡി പറഞ്ഞു.

കൊലപാതകത്തെ ബിആര്‍എസ് പാര്‍ട്ടിയുമായും കെസിആറുമായും എംഎല്‍എ ടി ഹരീഷ് റാവുമായും ബന്ധിപ്പിക്കാന്‍ ഭരണകക്ഷി ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭൂമി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ കാണിച്ചിരിക്കുന്നതെന്നും ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മരിച്ചയാളുടെ ഭാര്യ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷണത്തിന് തയ്യാറാണെന്ന് ബിആര്‍എസ് നേതാവ് പറഞ്ഞു.

രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികള്‍ ഇരുമ്പ് വടികൊണ്ട് രാജലിംഗമൂര്‍ത്തിയുടെ തലയില്‍ ഇടിക്കുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ ബുധനാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭൂപാലപ്പള്ളി മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ കൂടിയാണ് രാജലിംഗമൂര്‍ത്തി. മരണത്തിന് ഉത്തരവാദി ബിആര്‍എസു മായി ബന്ധമുള്ള ചില നേതാക്കളാണെന്ന് പിന്നീട് കുടുംബം ആരോപിച്ചു. ആരോപണങ്ങള്‍ കണക്കിലെടുത്ത്, എല്ലാ കോണുകളില്‍ നിന്നും കേസ് അന്വേഷിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പിടിഐയോട് പറഞ്ഞു.

കാളേശ്വരം ജലസേചന പദ്ധതിയുടെ ഭാഗമായ മെഡിഗദ്ദ ബാരേജിന്റെ ചില തൂണുകള്‍ മുങ്ങിയതിന് ശേഷം കെസിആര്‍ എന്നറിയപ്പെടുന്ന ബിആര്‍എസ് പ്രസിഡന്റ് ചന്ദ്രശേഖര്‍ റാവുവിനും മറ്റുള്ളവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജലിംഗമൂര്‍ത്തി 2023 ഒക്ടോബറില്‍ കോടതിയില്‍ സ്വകാര്യ പരാതി നല്‍കിയിരുന്നു. കെസിആറും അദ്ദേഹത്തിന്റെ അനന്തരവനും മുന്‍ മന്ത്രിയുമായ ടി ഹരീഷ് റാവുവും പിന്നീട് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു, അവര്‍ക്കെതിരായ ഹര്‍ജി അനുവദിച്ചുകൊണ്ട് ജയശങ്കര്‍ ഭൂപാലപ്പള്ളിയിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തു.